
കൊച്ചി: വിജിലൻസ് കോടതികളിലെ ലീഗൽ അഡ്വൈസർമാരുടെ നിയമനത്തെ ചോദ്യം ചെയ്ത്, അഴിമതിക്കേസ് പ്രതിയായ സ്പെഷ്യൽ വില്ലേജ് ഓഫീസർ റാന്നി സ്വദേശി സണ്ണിമോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തനിക്കെതിരായ കേസ് നടത്താൻ ലീഗൽ അഡ്വൈസർക്ക് അധികാരമില്ലെന്നും ഇവരുടെ നിയമനങ്ങൾ നിയമപരമല്ലെന്നുമാരോപിക്കുന്ന ഹർജി ജസ്റ്റിസ് സുനിൽ തോമസാണ് തള്ളിയത്. ഭൂമി പോക്കുവരവ് ചെയ്യാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് 2014ൽ ഹർജിക്കാരനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്.