
ആലങ്ങാട്: അടച്ചുറപ്പില്ലാത്ത തിരുവാല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റർ വളപ്പിൽ സാമൂഹികവിരുദ്ധശല്യം വർദ്ധിച്ചു. കെട്ടിടത്തിന്റെ വരാന്തയിലും പറമ്പിലും രാത്രിയിൽ മദ്യ, ലഹരിമാഫിയാ സംഘങ്ങൾ വിലസുകയാണ്. പൊറുതിമുട്ടിയ പരിസരവാസികൾ പലവട്ടം പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. സബ് സെന്ററിന്റെ നിർമ്മാണസമയത്ത് ചുറ്റുമതിൽ പൊളിച്ചുമാറ്റിയിരുന്നു. കെട്ടിടം പൂർത്തിയായ ശേഷവും ചുറ്റുമതിൽ പുനർനിർമ്മിക്കാൻ കരാറുകാർ തയ്യാറായിട്ടില്ല. മതിൽകെട്ടി സബ് സെന്ററിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തിരുവാല്ലൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി കെ.എഫ്. ധിനേഷ് പരാതി നൽകി.