വൈപ്പിൻ: വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം ആവശ്യപ്പെട്ട് ഫ്രാഗിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ഞാറക്കൽ അപെക്‌സ് റെസിഡന്റ്‌സ് അസോസിയേഷനും ഫ്രാഗും ചേർന്ന് പെരുമ്പിള്ളി ചർച്ച് റോഡ് ജംഗ്ഷനിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം നടത്തി. അഡ്വ. മജ്‌നു കോമത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോയി മുളവരിക്കൽ അദ്ധ്യക്ഷനായി. ഇതേ ആവശ്യം ഉയർത്തി പൊതുജനപ്രക്ഷോഭമോ കോടതി ഇടപെടലുകളോ ഉണ്ടാവുമ്പോളൊക്കെ ബസുകളുടെ നഗരപ്രവേശം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാവും എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് സമരത്തിന് തടസം സൃഷ്ടിക്കുകയാണ് നഗരപ്രവേശനം അനുവദിക്കുവാൻ അധികാരമുള്ളവർ ചെയ്തുവരുന്നതെന്ന് മജ്‌നു കോമത്ത് ആരോപിച്ചു.
ഏതാനും വർഷങ്ങളായി നടത്തിവരുന്ന സെമിനാറുകൾ, നിവേദനങ്ങൾ, അധികാരികളുമായി നടത്തിയ ചർച്ചകൾ ഇതെല്ലാം നിഷ്ഫലമായപ്പോഴാണ് ഫ്രാഗിന് പ്രക്ഷോഭത്തിന്റെ മാർഗം സ്വീകരിക്കേണ്ടിവന്നതെന്ന് അപെക്‌സ് അസോസിയേഷൻ സെക്രട്ടറി കെ. കെ. രഘുരാജ് പറഞ്ഞു. സിനിമാ-സീരിയൽ താരം ഞാറക്കൽ ശ്രീനി, കെ.പി. എബ്രഹാം, ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു, പി. ഡി. ആന്റണി എന്നിവർ പ്രസംഗിച്ചു. സമരത്തിൽ വൈപ്പിൻകരയിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളും വ്യക്തികളും അണിചേരുകയാണെന്ന് ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് പറഞ്ഞു.