km-shaji

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം തനിക്കെതിരെ സ്വീകരിച്ച നടപടികളെയും സ്വത്തു കണ്ടുകെട്ടാനുള്ള ഉത്തരവിനെയും ചോദ്യം ചെയ്ത് മുസ്ളിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി ഹൈക്കോടതിയിൽ ഹർജി നൽകി. പ്ളസ് ടു കോഴ്‌സുകൾ അനുവദിക്കാൻ അഴീക്കോട് ഹൈസ്കൂൾ മാനേജ്‌മെന്റിൽ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെത്തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 12ന് സ്വത്തു കണ്ടുകെട്ടാനും ഉത്തരവിറക്കിയിരുന്നു.

തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ലുള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് 2018 ജൂലായ് 26 നാണെന്നും ഹർജിയിൽ പറയുന്നു. 30 ലക്ഷത്തിൽ താഴെയുള്ള കേസുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. കേസിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകാതെയാണ് സ്വത്തു കണ്ടുകെട്ടാൻ ഉത്തരവിറക്കിയതെന്നും ആരോപിക്കുന്നു.