2021ൽ ഡോ. ജെ. ജേക്കബ്.
2022ൽ ഡോ. ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയിൽ ഡോക്ടർ വീണ്ടും ഇടതു സ്ഥാനാർത്ഥി. പ്രഖ്യാപനം കഴിഞ്ഞയുടൻ തന്നെ ചുമരെഴുത്തുമായി പ്രവർത്തകർ രംഗത്തിറങ്ങി. വൈകിട്ട് തന്നെ കാക്കനാട്ട് സ്ഥാനാർത്ഥിയും പര്യടനം ആരംഭിച്ചു. നേരത്തേ അഡ്വ.കെ.എസ്.അരുൺകുമാറിന് വേണ്ടി എഴുതിയ മതിലുകളിലെ പേര് വെള്ളയടിച്ച് ഡോക്ടറുടെ പേര് എഴുതുന്ന തിരക്കിലായിരുന്നു രാത്രിയും പ്രവർത്തകർ.
മുൻ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺകുമാറിനെ മാറ്റിയതിന്റെ അസ്വസ്ഥതകൾ അണികൾക്കിടയിലുണ്ടെങ്കിലും ഒറ്റദിനം കൊണ്ട് മണ്ഡലം നിറഞ്ഞ് പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കങ്ങളിലാണ് ഇടതുമുന്നണി. ഇന്ന് തന്നെ നോട്ടീസുകളും പോസ്റ്ററുകളും ഇറങ്ങും.
പ്രചാരണത്തിനിറങ്ങും : ജെ.ജേക്കബ്
ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കഴിഞ്ഞ വർഷം തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ.ജെ.ജേക്കബ് പറഞ്ഞു. ജോ നല്ല സ്ഥാനാർത്ഥിയാണ്. അടുത്ത സുഹൃത്താണ്. ദീർഘനാളത്തെ ബന്ധമുണ്ട്. ഇത്തവണ ഇടതുസ്ഥാനാർത്ഥിക്ക് ഏറെ സാദ്ധ്യതയുമുണ്ട്.
ട്രോളുകളെ ഭയമില്ല:
അഡ്വ.കെ.എസ്.അരുൺകുമാർ
ട്രോളുകളെ ഭയക്കുന്നില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്നും സി.പി.എം നേതാവ് അഡ്വ.കെ.എസ്.അരുൺകുമാർ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയെന്ന നിലയിൽ തന്റെ പേര് പ്രചരിച്ചതെങ്ങിനെയെന്നറിയില്ല. ഈ സംഭവമൊന്നും തന്നെ ബാധിക്കില്ല. പാർട്ടി സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി മുന്നിട്ടിറങ്ങുമെന്നും അരുൺകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തിയതിനെ തുടർന്നാണ് പാർട്ടി അനുഭാവികളും സംഘടനാ നേതാക്കളും അരുണിനെ സ്ഥാനാർത്ഥിയാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്. തൃക്കാക്കരയിലെ പാർട്ടി പ്രവർത്തകർ വ്യാപകമായി ചുമരെഴുത്തുകളും നടത്തിയിരുന്നു.
മണ്ഡലത്തിൽ
സജീവമായി
ജോ ജോസഫ്
തൃക്കാക്കരയിൽ ജോ ജോസഫ് ആദ്യം എത്തിയത് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി അങ്കണത്തിലാണ്.പുനർനിർമാണം കഴിഞ്ഞ പള്ളിയുടെ ആശിർവാദ ചടങ്ങിനെത്തിയവർ സ്ഥാനാർത്ഥിയെ കണ്ടതോടെ സന്തോഷത്തിലായി.
ലളിതമായ വാക്കുകളിൽ ആദ്യം സ്വയം പരിചയപ്പെടുത്തൽ. കുട്ടികൾക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. കാക്കനാട് ജംഗ്്ഷനിലും ഇടച്ചിറയിലുമെത്തി വോട്ടർമാരെ കണ്ടു. തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി എൻ.ജി.ഒ ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച പ്രകടനത്തിലും തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി വാഴക്കാലയിൽ സംഘടിപ്പിച്ച പ്രകടനത്തിലും പങ്കെടുത്തു. മന്ത്രി പി.രാജീവ്, മുൻ.എൽ.എൽ.എ എം.സ്വരാജ്,സി.പി.എം തൃക്കാക്കര ഏരിയാസെക്രട്ടറി എ.ജി ഉദയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ഗോദയിൽ
സജീവമായി ഉമാ തോമസ്
കൊച്ചി: ചുവരെഴുത്തും വീടുകൾ കയറിയുള്ള പ്രചാരണവും ഒരുഭാഗത്ത് തകൃതിയായി നടക്കുമ്പോൾ തൃക്കാക്കര മണ്ഡലത്തിലെ യു.ഡി. എഫ് സ്ഥാനാർഥി ഉമാ തോമസ് മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും വോട്ടർമാരെയും നേരിട്ട് കണ്ടു പിന്തുണ അഭ്യർത്ഥിക്കുന്ന തിരക്കിലാണ്. പ്രചാരണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ 7 മണി മുതൽ ഒരു മണി വരെ സ്ഥാനാർത്ഥി കടവന്ത്ര മണ്ഡലത്തിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം വൈറ്റില മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു. പ്രമുഖ വ്യക്തികളെ നേരിൽകണ്ടു. വൈകിട്ട് സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിൽ ഉൾപ്പെട്ട സോയൽ ജോഷിയെ വീട്ടിലെത്തി അഭിനന്ദിച്ചു. പിന്നീട് വിവിധ മണ്ഡലംതല യോഗങ്ങളിൽ പങ്കെടുത്തു. യു.ഡി. എഫ് നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
9ന് നിയോജക മണ്ഡലം കൺവെൻഷൻ നടത്തും. 7,8,10,11 തീയതികളിലാണ് മണ്ഡലം കൺവൻഷൻ. 12 ഓടെ ബൂത്ത് കൺവെൻഷൻ പൂർത്തിയാക്കും. 16 മുതൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കും. 17 മുതൽ 21 വരെ സ്ഥാനാർത്ഥി പര്യടനം നടത്താനുമാണ് നിലവിലെ തീരുമാനം. പ്രചാരണവുമായി കടന്നുപോകുന്ന ഇടങ്ങളിലൊക്കെയും വലിയ പിന്തുണയാണ് യു.ഡി. എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം പി.ടിയുമായി അടുപ്പം പുലർത്തിയിരുന്ന ഒട്ടേറെ ആളുകളും ഉമയ്ക്ക് പിന്തുണയുമായി രംഗത്തു വരുന്നുണ്ട്.
സംസ്ഥാന,ജില്ലാ നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ജില്ലയിലെ എം.പിമാരും എം.എൽ. എമാരും നിയോജകമണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇന്നലെ രാവിലെ കെ.പി.സി. സി പ്രസിഡന്റ് കെ. സുധാകരൻ എറണാകുളത്ത് നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. സ്ഥാനാർത്ഥിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.