തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ എൽ.ഡി.എഫ് കൗൺസിലർമാരെ തിരഞ്ഞെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ നൗഷാദ് പല്ലച്ചിക്കെതിരെ കോൺഗ്രസ് നേതാവും കൗൺസിലറുമായ വി.ഡി സുരേഷ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് പരാതി നൽകി. തിരഞ്ഞെടുപ്പ് യു.ഡി.എഫ് കൗൺസിലർമാരോട് കുടിയാലോചിക്കാതെ ഏകപക്ഷീയമായ തീരുമാനമെടുത്തത് യു.ഡി.എഫിന് സ്പോർട്സ് കൗൺസിലിലേക്ക് ലഭിക്കേണ്ടിയിരുന്ന അംഗങ്ങളെ നഷ്ടപ്പെടാൻ കാരണമായെന്ന് അദ്ദേഹം ഡി.സി.സിക്ക് കൊടുത്ത കത്തിൽ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം.നഗരസഭയിൽ ആകെ അഞ്ചുപേരെയാണ് തിരഞ്ഞെടുക്കേണ്ടത്. സമവായത്തിലൂടെ അഞ്ചുപേരെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചെങ്കിലും യു.ഡി.എഫ് ഭരണ സമിതിയുടെ പിടിവാശിമൂലം ധാരണ പരാജയപ്പെടുകയായിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ നാമനിർദേശ പത്രിക നൽകാൻ തീരുമാനിക്കുകയായിരുന്നു. കൗൺസിലർമാരായ ഉഷാപ്രവീൺ,അജുന ഹാഷിം,റസിയ നിഷാദ്,പി.സി മനൂപ്.കെ.എക്സ് സൈമൺ,എന്നിവർ പത്രിക സമർപ്പിക്കുകയായിരുന്നു.എന്നാൽ യു.ഡി.എഫ് പാനൽ നൽകാൻ സമയപരിധി കഴിഞ്ഞതോടെ പത്രിക നൽകാനായില്ല. ഇതോടെ എതിരില്ലാതെ എൽ.ഡി.എഫ് പാനൽ വിജയിച്ചു.