
കൊച്ചി: മോഡലുകളുടെ മരണത്തെ തുടർന്ന് വിവാദത്തിലായ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെയും മൂന്ന് ജീവനക്കാരെയും ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഹോട്ടലിൽ ഡി.ജെ.പാർട്ടിക്കെത്തിയ രണ്ട് യുവാക്കളെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണിത്. ഡി.ജെ പാർട്ടിക്കിടെ ഡാൻസ് ചെയ്ത യുവാക്കളെ വിലക്കിയത് കൈയാങ്കളിക്ക് ഇടയാക്കിയിരുന്നു. ഇവർ എൻട്രി ഫീ തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്നുള്ള വാക്കുതർക്കത്തിനിടയിലാണ് യുവാക്കളെ മർദ്ദിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുകുമാർ, ജോസ് സെബാസ്റ്റ്യൻ, വിനോദ് മാത്യു എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.