കൊച്ചി: ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും കൊച്ചി കോർപ്പറേഷനും തമ്മിലുള്ള കിടമത്സരം വീടുകളിൽ പൈപ്പ് ലൈനിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അനിശ്ചിതത്വത്തിലാക്കി. കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ജില്ലയിൽ കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, കളമശേരി, മരട് മുനിസിപ്പാലിറ്റികളിലാണ് സിറ്റി ഗ്യാസ് അടിയന്തരമായി എത്തിക്കാൻ തയ്യാറെടുപ്പുകൾ നടന്നത്. ഇതിൽ തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികളിൽ മാത്രമാണ് കുറച്ചെങ്കിലും ഗാർഹിക കണക്ഷൻ നൽകിയത്. കളമശേരിയിൽ 3000 ഉം തൃക്കാക്കരയിൽ 6400ഉം കണക്ഷനുകളും നൽകി. കോർപ്പറേഷന്റെ അനുമതി ലഭിച്ചാലുടൻ പ്രവൃത്തികൾ തുടങ്ങുമെന്ന് അദാനി ഗ്യാസ് പറയുന്നു. എന്നാൽ അദാനി ഗ്യാസ് ആവശ്യമായ രേഖകൾ നൽകിയിട്ടില്ലെന്നാണ് കോർപ്പറേഷന്റെ വാദം. അതേസമയം നിശ്ചിത ഫീസും ബാങ്ക് ഗാരന്റിയും കഴിഞ്ഞ ഫെബ്രുവരി 9 ന് നൽകിയിട്ടും കോർപ്പറേഷൻ നിസഹകരണം തുടരുകയാണെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.

2016 ഫെബ്രുവരിയിൽ സിറ്റി ഗ്യാസ് പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചു

 2017 ൽ പൈപ്പ് ലൈൻ ഇടാൻ അനുമതി

 റോഡുകൾ കുഴിക്കുന്നതും അതു പൂർവ സ്ഥിതിയിലാക്കേണ്ടതും കമ്പനിയുടെ ഉത്തരവാദിത്വമാണ്

18 ഡിവിഷനുകളിൽ നടപ്പാക്കുമെന്നായിരുന്നു കമ്പനിയുടെ ആദ്യ പ്രഖ്യാപനം. ഇപ്പോൾ അത് ആറായി ചുരുങ്ങി

 ചർച്ച തിരഞ്ഞെടുപ്പിന് ശേഷം

പദ്ധതിക്കായി 3,000 കിലോമീറ്റർ പൈപ്പിടാൻ ബാങ്ക് ഗാരന്റി, ഫീസ് എന്നിവ അടയ്ക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതു മൂലമാണ് പദ്ധതി വൈകുന്നത്. അഞ്ചുകോടി രൂപയ്ക്ക് രണ്ടുവർഷത്തെ ബാങ്ക് ഗ്യാരന്റിയാണ് ആവശ്യപ്പെട്ടത്. എന്നാൽ അദാനി നൽകിയത് ഒരുവർഷത്തേക്ക് മാത്രമാണ് . പദ്ധതിക്കുണ്ടായിരുന്ന തടസങ്ങൾ മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ പരിഹരിച്ചതാണ്. എന്നിട്ടും പ്രതീക്ഷിച്ചവേഗത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ അദാനി ഗ്യാസിന് കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ ബാങ്ക് ഗ്യാരന്റിയിൽ ചില സാങ്കേതിക പിഴവുകൾ വന്നിട്ടുണ്ട്. ഇക്കാര്യം കമ്പനി അധികൃതരെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ല. ഉപതിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചർച്ച നടത്തും.

എം. അനിൽകുമാർ

കൊച്ചി മേയർ

 കാത്തിരിപ്പ് തുടരുന്നു

ബാങ്ക് ഗ്യാരന്റി ഓരോ വർഷവും പുതുക്കാമെന്ന് സർക്കാർ ഉത്തരവുണ്ട്. അതിന് ഞങ്ങൾ തയ്യാറാണ്. കോർപ്പറേഷൻ ആവശ്യപ്പെട്ട ഫീസും ബന്ധപ്പെട്ട രേഖകളും നൽകിയിട്ടും നഗരസഭാ സെക്രട്ടറിയുടെ ഭാഗത്തു നിന്ന് ഇതുവരെ ഒരു പ്രതികരണം പോലും ലഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.