
കളമശേരി: കളമശേരി ചിൽഡ്രൻസ് സയൻസ് പാർക്കിൽ നിന്ന് മകൾക്ക് കളഞ്ഞുകിട്ടിയ സ്വർണമാല തിരിച്ചു നൽകി തേവയ്ക്കലിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടവട സ്വദേശിയായ സുരേഷ് മാതൃകയായി. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം സയൻസ് പാർക്കിലെത്തിയപ്പോൾ കിഴക്കമ്പലം സെന്റ് ആന്റണീസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയുമായ മകൾ തുഷാരയ്ക്കാണ് പാർക്കിൽ നിന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടിയത്. കൗണ്ടറിൽ വിവരം പറഞ്ഞെങ്കിലും ആരും മാല നഷപ്പെട്ടതായി അറിയിച്ചിരുന്നില്ല. തുടർന്ന് മാല കൈവശം സൂക്ഷിച്ചു.
മുപ്പത്തടം സ്വദേശി പി.ടി. ജിനീഷിന്റെ മകളുടെ മാലയാണ് പാർക്കിൽ നഷ്ടപ്പെട്ടത്. രണ്ടു ദിവസത്തിന് ശേഷമാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പല സ്ഥലത്തും തിരയുന്നതിനിടെ പാർക്കിലും അന്വേഷിച്ചു. അവിടെ നിന്ന് ലഭിച്ച സുരേഷിന്റെ നമ്പറിൽ ബന്ധപ്പെട്ട് മാല കിട്ടിയ വിവരം സ്ഥിരീകരിച്ചു. പിന്നീട് ഇരുകൂട്ടരും കളമശേരി പൊലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ പി ആർ സന്തോഷിന്റെ സാന്നിദ്ധ്യത്തിൽ മാല ജിനീഷിന് കൈമാറി.