കളമശേരി: ലോക നഴ്സസ് ദിനമായ ഇന്ന് 'ഭൂമിയിലെ മാലാഖ'മാരുടെ നിരയിൽ ചേർത്തു വയ്ക്കാവുന്ന പേരാണ് കളമശേരി ഗവ.മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറും സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ സന്ധ്യാ ജലേഷിന്റേത്. കൊവിഡ് മഹാമാരിയിൽ ലോകം വലയുന്ന വേളയിൽ തൃശൂർ മെഡിക്കൽ കോളേജിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി ചോദിച്ചുവാങ്ങിയ സന്ധ്യ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴും ജനങ്ങളുടെ ഭയം അകറ്റേണ്ടത് തന്റെ കടമയാണെന്നായിരുന്നു സന്ധ്യയുടെ നിലപാട്. നിപ്പയുടെ സമയത്ത് ഒരുക്കിയ ട്രയാജ് ടീമിലും സന്ധ്യയുടെ സേവനമുണ്ടായിരുന്നു.
നിർധന രോഗികൾക്ക് പ്രിയപ്പെട്ടവളാണ് സന്ധ്യ. ശമ്പളത്തിന്റെ ഒരു ഭാഗം ഇവരുടെ മരുന്നുകൾക്കും ഭക്ഷണത്തിനും വസ്ത്രത്തിനുമായി നീക്കിവയ്ക്കുന്ന ശീലവുമുണ്ട്.
സന്ധ്യയുടെ ആദ്യ നോവലായ 'നീ എന്റെ സുകൃത'ത്തിന് ഭാഷാശ്രീ പുരസ്കാരവും, 'മഴമേഘങ്ങളെ കാത്ത്' എന്ന നോവലിന് മാധവിക്കുട്ടി അവാർഡും 'മഴ നനഞ്ഞ മന്ദാരങ്ങൾക്ക്' അക്ബർ കക്കട്ടിൽ അവാർഡും ലഭിച്ചു. കൊൽക്കത്തയിലും ബംഗാൾ ഗ്രാമങ്ങളിലും സഞ്ചരിച്ച ശേഷം എഴുതിയ 'ചൗപദി ' മലയാളം പതിപ്പ് മന്ത്രി പി.രാജീവും ഇംഗ്ലീഷ് പതിപ്പ് ശശി തരൂർ എം.പിയുമാണ് പ്രകാശനം ചെയ്തത്.
കേരളീയം - ഭാരതീയം വേദിയുടെ കഥാരചനക്കുള്ള നീർമാതളം നാഷണൽ ഫെല്ലോഷിപ്പിനും അർഹയായി. 23 ന് ലുധിയാനയിൽ പുരസ്കാരം ഏറ്റുവാങ്ങും.
കിഴക്കമ്പലം സ്വദേശിയായ സന്ധ്യ വിടാക്കുഴയിലാണ് താമസം. എല്ലാ സത്പ്രവൃത്തികൾക്കും പൂർണ പിന്തുണ നൽകുന്ന ഭർത്താവ് എം.പി. ജലേഷ് സതേൺ ട്രാൻസ്പോർട്ടിംഗ് കമ്പനി നടത്തുന്നു. മകൾ ലക്ഷ്മി എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. മകൻ അമർനാഥ് ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.