നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും സാമൂഹ്യ - സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന പി.വൈ. വർഗീസിന് നെടുമ്പാശേരി കണ്ണീരിൽ കുതിർന്ന യാത്രാമെഴി നൽകി. മൃതദേഹം ആദ്യം നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലും പിന്നീട് അത്താണി കോൺഗ്രസ് ഭവനിലും പൊതുദർശനത്തിനുവച്ച ശേഷമാണ് വീട്ടിലെത്തിച്ചത്. വൈകിട്ട് അകപ്പറമ്പ് പള്ളിയിൽ സംസ്കരിച്ചു.
സാമൂഹ്യ - സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. കുഞ്ഞ്, എം.എ. ചന്ദ്രശേഖരൻ, എം.ജെ. ജോമി, സി.പി.എം നേതാക്കളായ തമ്പിപോൾ, പി.സി. സോമശേഖരൻ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം നെടുമ്പാശേരി രവി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. അത്താണിയിൽ നടന്ന അനുശോചന യോഗത്തിലും നിരവധിപേർ പങ്കെടുത്തു.
പാർട്ടിയെ സ്നേഹിച്ച പി.വൈ
ആലുവ: വിട്ടുമാറാത്ത രോഗത്തെത്തുടർന്ന് ജീവനൊടുക്കിയപ്പോഴും പി.വൈ. വർഗീസ് പാർട്ടിയെ അളവറ്റ് സ്‌നേഹിച്ചിരുന്നുവെന്ന് മരണക്കുറിപ്പ് സൂചിപ്പിക്കുന്നു. ഏഴാറ്റുമുഖത്തെ സ്വന്തം ഫാമിൽ തൂങ്ങിമരിച്ച നിലയിലാണ് വ്യാഴാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. പി.വൈ. വർഗീസ് രാജിവെച്ചതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ പാർട്ടി സ്ഥാനാർത്ഥി ജയിക്കണമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കുറിപ്പിൽ പറയുന്നു. ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് മരണക്കുറിപ്പ് ലഭിച്ചത്.