mal
പെരിയാർവാലി കനാൽ ബണ്ടിൽ ഫൈബർ മാലിന്യത്തിന് തീയിട്ടപ്പോൾ

പെരുമ്പാവൂർ: പെരിയാർവാലി കനാൽബണ്ടിൽ അസമയത്ത് ഫൈബർ മാലിന്യത്തിന് തീയിട്ടത് പരിസരവാസികളെ ദുരിതത്തിലാക്കി. തൊട്ടടുത്ത് നിർമ്മാണത്തിലിരുന്ന വീടിന്റെ കട്ടിളയും വാർക്കലിന് ഇട്ടിരുന്ന മുട്ടുകളും കത്തിനശിച്ചു. പെരുമ്പാവൂർ ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കീഴില്ലം പി.വി.എം ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ടോറസ് വാഹനത്തിൽ എവിടെനിന്നോ എത്തിച്ച ഫൈബർ മാലിന്യത്തിന് കൊണ്ടുവന്നവർതന്നെ തീയിട്ടശേഷം മടങ്ങുകയായിരുന്നു. തീ ആളിപ്പടർന്നതോടെ പരിസരം മുഴുവൻ പുകയും ദുർഗന്ധവും കൊണ്ട് നിറഞ്ഞു. തൊട്ടടുത്ത ചെടികളും മരങ്ങളുംവരെ ഉണങ്ങിക്കരിഞ്ഞു.
ഫൈബറും അവയൊട്ടിക്കാൻ ഉപയോഗിച്ച പശയുടെ ബോട്ടിലുകളും ഉൾപ്പെടെ പ്ലാസ്റ്റിക്ക് കത്തിച്ചതിനാൽ പലർക്കും ശ്വാസം മുട്ടലുൾപ്പെടെയുള്ള അസ്വസ്ഥതകളുണ്ടായി. കത്താതെകിടന്ന ബില്ലുകളിൽനിന്ന് മാലിന്യം കയറ്റി അയച്ച സ്ഥാപനത്തെപ്പറ്റിയുള്ള സൂചനകൾ കുറുപ്പംപടി പൊലീസിന് ലഭിച്ചിട്ടുണ്ട്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു മാലിന്യം.