പറവൂർ: വിവിധകലാമേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണാർത്ഥം സംസ്ഥാന തലത്തിൽ നൽകുന്ന പതിമൂന്നാമത് കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാമണ്ഡലം സോമൻ (കഥകളി വേഷം), സദനം ശിവദാസ് (സംഗീതം), കലാഭാരതി ഉണ്ണിക്കൃഷ്ണൻ (ചെണ്ട), കലാനിലയം പ്രകാശൻ (മദ്ദളം), പുരുഷോത്തമൻ ചിങ്ങോലി (ചുട്ടി), അരുൺ ആർ. കുമാർ (ഓട്ടൻതുള്ളൽ), ശ്രീരാജ് കിള്ളിക്കുറിശി മംഗലം (ചാക്യാർകൂത്ത്), കലാമണ്ഡലം സിന്ധു (കൂടിയാട്ടം), അനുപമ മേനോൻ (മോഹിനിയാട്ടം), സൗമ്യ ബാലഗോപാൽ (ഭരതനാട്യം), ഷീബ സുന്ദർരാജ് (കുച്ചുപ്പുടി), മട്ടന്നൂർ ശ്രീരാജ് (തായമ്പക), പഞ്ചവാദ്യം തിമില (കോങ്ങാട് മോഹനൻ), ചാലക്കുടി രാമൻ നമ്പീശൻ (മദ്ദളം), നായരമ്പലം നന്ദകുമാർ മാരാർ (ഇടയ്ക്ക), കാട്ടുകുളം ബാലകൃഷ്ണൻ (ഇലത്താളം), കേരളശേരി കുട്ടൻ (കൊമ്പ്) എന്നിവരാണ് പുരസ്കാര ജേതാക്കൾ. കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പറവൂർ കളിയരങ്ങിന്റേയും കേന്ദ്ര സാംസ്കാരിക വകുപ്പിന്റേയും സഹകരണത്തോടെ 28ന് പറവൂർ വെളുത്താട്ട് ഭഗവതി ക്ഷേത്രം ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.