
കൊച്ചി: കാൽപ്പന്തുകളിയിലെ മൂന്ന് തലമുറകളൊന്നിച്ച വേദിയിൽ മലയാളനാടിന്റെ സ്‌നേഹ സമ്മാനമായി ഒരു കോടി രൂപയുടെ പാരിതോഷികം കേരള ഫുട്ബാൾ ടീം ഹൃദയത്തോട് ചേർത്തു. ചരിത്രത്തിൽ ആദ്യമായാണ് ഫുട്ബാൾ ടീം ഇത്രയും വലിയ പാരിതോഷികം ഏറ്റുവാങ്ങുന്നത്. വി.പി.എസ് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടുമായ ഡോ. ഷംഷീർ വയലിൽ, സന്തോഷ് ട്രോഫി നേടിയ കേരളാടീമിനെ അനുമോദിക്കാൻ കൊച്ചി ഗ്രാന്റ് ഹയാത്തിൽ സംഘടിപ്പിച്ച ചടങ്ങാണ് അപൂർവ സംഗമത്തിനും ചരിത്രനിമിഷങ്ങൾക്കും വേദിയായത്.
സന്തോഷ് ട്രോഫിയുടെ ഫൈനലിന് മുമ്പാണ് ചാമ്പ്യൻമാരായാൽ ഒരു കോടിരൂപ നൽകുമെന്ന് ഷംഷീർ വയലിൽ പ്രഖ്യാപിച്ചത്. വിദേശത്തായിരുന്നു ഷംഷീർ തത്സമയം ചടങ്ങിന്റെ ഭാഗമായി. മുൻ ഇന്ത്യ നായകന്മാരായ ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, മുൻ ഇന്ത്യൻ താരം ആസിഫ് സഹീർ, സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട മുൻ നായകന്മാരായ കുരികേശ് മാത്യു, വി.ശിവകുമാർ, സിൽവസ്റ്റർ ഇഗ്‌നേഷ്യസ്, രാഹുൽ ദേവ്, വി.പി. സത്യന്റെ ഭാര്യ അനിത സത്യൻ, തുടങ്ങിയവർ ചടങ്ങിൽ നിറസാന്നിദ്ധ്യമായി.
ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മുതലുള്ള ഗോൾ സ്കോറർമാർക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. മുൻ കോച്ചുമാരായ ജാഫർ, പീതാംബരൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മുൻ ക്യാപ്ടൻമാർക്ക് ഓരോ പവൻ സ്വർണ നാണയവും സമ്മാനിച്ചു. ഡോ.ഷംഷീറിന് വേണ്ടി വി.പി.എസ് ഹെൽത്ത്‌കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വി.പി.എസ് ഹെൽത്ത്‌കെയർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് സി.എസ്.ആർ മേധാവി ഡോ. രാജീവ് മാങ്കോട്ടിൽ എന്നിവർ ഒരു കോടി രൂപ ടീമിന് കൈമാറി.
''ഈ അപൂർവ ഒത്തുചേരൽ സംസ്ഥാനത്തെ ഫുട്‌ബോളിന്റെ ഭാവിക്ക് ശക്തമായ അടിത്തറയിടുമെന്ന് വിശ്വസിക്കുന്നു''
ഡോ.ഷംഷീർ വയലിൽ