കൊച്ചി: രാഷ്‌ട്രീയകേരളം ഒന്നാകെ തൃക്കാക്കരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ എറണാകുളം സൗത്ത് ഡിവിഷനിലെ (62) ഉപതിരഞ്ഞെടുപ്പിന്റെ പ്രഭാവം മങ്ങി. കൊച്ചി കോർപ്പറേഷനിലെ 22 ഡിവിഷനുകൾ തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് കോർപ്പറേഷനിലെ താമസക്കാരിയാണ്. കോൺഗ്രസ് കൗൺസിലർമാർ ഉമയുടെ പ്രചാരണത്തിൽ സജീവമാണ്. തൃക്കാക്കരയിലെ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ആരോപണ, പ്രത്യാരോപങ്ങൾക്കിടെ സൗത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാര്യം തന്നെ കൊച്ചിക്കാർ മറന്ന മട്ടാണ്.
17 നാണ് സൗത്തിലെ ഉപതിരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം വോട്ടെണ്ണും. മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ. എസ്. മേനോനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ മുൻ ഉദ്യോഗസ്ഥ അനിതാ വാര്യരാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. എസ്. അശ്വതി എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരരംഗത്തുണ്ട്. കൗൺസിലർ മിനി ആർ. മേനോന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 40 വർഷത്തോളം യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന സൗത്ത് ഡിവിഷൻ കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.
സീറ്റ് നിലനിർത്തുമെന്ന നിശ്ചയദാർഢ്യത്തിലാണ് എൻ.ഡി.എ, കൈവിട്ടുപോയ ഡിവിഷൻ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. ബാലികേറാമലയായി കരുതിയിരുന്ന ഡിവിഷനിൽ അനുകൂലമായ ഒരു ചലനം സൃഷ്‌ടിക്കാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് എൽ.ഡി.എഫ്.
പ്രചാരണം മൂന്നാം റൗണ്ടിലേക്ക്
തൃക്കാക്കരയിലെ ഓളത്തിൽ നിന്ന് മാറി നിൽക്കുന്നതിൽ നിരാശയുണ്ടെങ്കിലും ഉപതിരഞ്ഞടുപ്പ് കഴിയുംവരെ സൗത്ത് ഡിവിഷനിൽ തുടരാനുള്ള തീരുമാനത്തിലാണ് പ്രവർത്തകർ . പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഉച്ചയ്ക്കുള്ള ഇടവേള ഒഴിച്ചാൽ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ഡിവിഷനിൽ സജീവമാണ്. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവരാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. മുൻ ഡിവിഷൻ കൗൺസിലർ കെ.വി. പി കൃഷ്ണകുമാർ തുടക്കം മുതൽ അനിതാ വാര്യർക്ക് ഒപ്പം പ്രചാരണത്തിലുണ്ട്.
പത്മജ.എസ്. മേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത് കേന്ദ്രസഹമന്ത്രിയാണ്. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പിയുടെ നാല് കൗൺസിലർമാരും പ്രചാരണത്തിൽ സജീവമാണ്. മുൻ മേയർ സി.എം. ദിനേശ് മണിയാണ് എൽ.ഡി.എഫിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ കൗൺസിലർമാർ രംഗത്തിറങ്ങണമെന്നാണ് നിർദ്ദേശം നൽകിയിട്ടുണ്ട്.
വോട്ടു വീഴുമെന്ന പ്രതീക്ഷയിൽ
നാലു ബൂത്തുകളിലായി ഡിവിഷനിൽ ഉദ്ദേശം 4,432 വോട്ടർമാരുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 1932 പേർ വോട്ടുചെയ്തു. ഇത്തവണ 2,000 പേരെങ്കിലും പോളിംഗ് ബൂത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് വിവിധ രാഷ്‌ട്രീയകക്ഷികൾ.