tlc

മൂവാറ്റുപുഴ: ലൈബ്രറികളിൽ വായന വസന്തം വിരിയിക്കുവാൻ ഗ്രന്ഥശാല പ്രവർത്തകർ വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു പറഞ്ഞു. ഒരു ഗ്രന്ഥാശാല പ്രവർത്തന പരിധിയിൽ നാല് വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വീട്ടുമുറ്റ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുസ്തക വായനയും ചർച്ചയും സംവാദവും മത്സരങ്ങളും സംഘടിപ്പിക്കും.

എസ്.എസ്.എൽ.സി പ്ലസ്ടു കഴിഞ്ഞവർക്ക് ഉപരിപഠനം സംബന്ധിച്ച് കോഴ്സിന് ഗൈഡൻസ് നൽകുന്നതിനായി പഞ്ചയത്ത് അടിസ്ഥാനത്തിൽ ദിശ സെമിനാർ സംഘടിപ്പിക്കും. സമൂഹത്തിൽ സ്ത്രീപുരുഷ സമത്വം എന്ന മഹത്തായആശയത്തെ മുൻനിർത്തി സമം പദ്ധതിയും ഇൗ വർഷം ലൈബ്രറി കൗൺസിൽ നടത്തുന്ന പരിപാടിയാണെന്നും വി.കെ. മധു പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൂലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്കറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. ചടങ്ങിൽ പാമ്പാക്കുട പബ്ലിക് ലൈബ്രറി തയ്യാറാക്കിയ ആൽബത്തിന്റെ പ്രകാശനവും ഗ്രന്ഥാലോകം വിരിക്കാരെ ചേർക്കലിന്റെ ഉദ്ഘാടനവും വി.കെ. മധു നിർവ്വഹിച്ചു. ജോസ് കരിമ്പന, കെ.പി. രാമചന്ദ്രൻ, പി.കെ. വിജയൻ, വി.ടി യോഹന്നാൻ, കെ.എൻ. മോഹനൻ, സിന്ധു ഉല്ലാസ് , ജേക്കബ് കെ.പി, പായിപ്ര കൃഷ്ണൻ, കെ.പി. വിജയകുമാർ, എ.എം.ശ്രീധരൻ, പി.എ. മൈതീൻ എന്നിവർ സംസാരിച്ചു.