പള്ളുരുത്തി: വീടുകളിലെ മലിനജലം ശുദ്ധീകരിക്കുന്നതിന് ഇടക്കൊച്ചി 16-ാം ഡിവിഷനിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 18 കോടി രൂപ ചെലവിലാണ് കൊച്ചി നഗരസഭ വഴി പദ്ധതി നടപ്പിലാക്കുന്നത്. ഇടക്കൊച്ചിയിലുള്ള കൊച്ചി നഗരസഭയുടെ സ്ഥലത്താണ് പ്ലാന്റ് നിർമിക്കുന്നത്. 50 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത്. 11ലക്ഷം മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. പദ്ധതിയിൽ ഇടക്കൊച്ചി 16-ാം ഡിവിഷനിലെ എല്ലാ വീടുകളിലേയും സെപ്ടേജ് മാലിന്യം അടക്കമുള്ള മലിനജലം ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുചീകരിക്കുന്നതാണ് പദ്ധതി. മലിനജലം പ്ലാന്റിലേക്ക് എത്തിക്കുന്നതിന്നായി ഡിവിഷനിൽ മൊത്തം 20 കിലോമീറ്റർ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. കൊച്ചിമേഖലയിലെ ഭൂഗർഭജലം 80 ശതമാനവും മലിനമാണെന്നാണ് കണക്ക്. വീടുകളിലെ ഭൂരിഭാഗം സെപ്ടേജ് മാലിന്യങ്ങളും മറ്റു മലിനജനങ്ങളും കാനകൾ വഴി പുറന്തള്ളുകയാണ്. പ്ലാന്റ് സ്ഥാപിക്കുന്നതോടെ വീടുകളിൽ നിന്നുള്ള മലിനജലം പ്ലാന്റിൽ എത്തിച്ച് ശുചീകരിക്കാൻ സാധിക്കും. ശുചീകരിച്ച് പുറത്തേക്ക് വരുന്ന ജലം നിർമാണ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കാൻ സാധിക്കും. രാസപദാർത്ഥങ്ങൾ ഉപയോഗിക്കാതെയാണ് പ്ലാന്റിൽ മലിനജലം ശുചീകരിക്കുന്നത്. കൊച്ചി നഗരസഭ 15, 17 ഡിവിഷനുകളിലും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് കൊച്ചി നഗരസഭയുടെ എല്ലാ ഡിവിഷനുകളിലും പദ്ധതി നടപ്പിലാക്കുവാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ ഓഡിറ്റോറിയത്തിൽ സർവകക്ഷിയോഗം ചേർന്നു. ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിലിന്റെ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ.റോബർട്ട്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രബോസ്, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.പി.മണിലാൽ, ബി.ജെ.പി ഏരിയാ പ്രസിഡന്റ് ധനീഷ്, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി മാനുവൽ, മറ്റു ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.