ship

കൊച്ചി: യുവസംരംഭകൻ നിഷ്ജിത്തിന്റെ വലിയ സ്വപ്നം പൂവണിയാൻ ഇനി വെറും നാലുമാസം. കേരളത്തിലെ എറ്റവും വലിയ ഉല്ലാസക്കപ്പൽ 'ക്‌ളാസിക് ഇമ്പീരിയൽ" സെപ്തംബറി​ൽ നീറ്റി​ലി​റക്കും.

സുഹൃത്തുക്കളിൽ നിന്ന് കടംവാങ്ങിയും ലോണെടുത്തും ഭാര്യയുടെ സ്വർണം പണയംവച്ചുമാണ് ഇരുനില കപ്പലിന്റെ നിർമ്മാണം. വാച്ചു കമ്പനി റെപ്രസെന്റേറ്റീവിൽ നിന്ന് വാടക ബോട്ട് സർവീസിലിറങ്ങി കപ്പലുടമയിലേക്കുള്ള യാത്ര.

ഇന്റീരിയർ ജോലികളും പെയിന്റിംഗുമാണ് പൂർത്തിയാക്കാനുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസനൗകയാണ് വല്ലാർപാടത്തെ രാമൻതുരുത്തിൽ നിർമ്മാണം പൂർത്തിയാവുന്നത്. 12.5 കോടിയാണ് മുടക്ക്. മറൈൻഡ്രൈവിൽ നിന്ന് പുറംകടലിലേക്കാണ് യാത്ര. 150

 പേരെ ഉൾക്കൊള്ളും.

കപ്പലിന്റെ ചെറുരൂപം കൊച്ചി​യി​ൽ നടക്കുന്ന കേരള ട്രാവൽമാർട്ടിൽ വെള്ളിയാഴ്ച ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് അനാവരണംചെയ്തു. പ്രൊമോവീഡിയോ അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണു പുറത്തിറക്കി.

2002ൽ ബോട്ട് രണ്ട് ബോട്ട് വാടകയ്ക്കെടുത്ത് കായൽ ടൂറിസത്തിലേക്ക് കാൽവച്ച ബോൾഗാട്ടി സ്വദേശി നിഷ്ജിത്തിന് (45) ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. പിന്നീട് നിയോക്ലാസിക് ക്രൂസ് ആൻഡ് ടൂർസ് എന്ന കമ്പനി തുറന്ന് നാല് ബോട്ടുകൾ നിർമ്മിച്ചു. 2020 ആദ്യമാണ് ഉല്ലാസക്കപ്പൽ നിർമ്മാണം തുടങ്ങിയത്. നിഷ്ജിത്തിന്റെ ജീവിതയാത്ര കഴിഞ്ഞ ഒക്ടോബറിൽ കേരളകൗമുദി വാർത്തയാക്കിയിരുന്നു.

കേരളത്തിൽ നിഷ്ജിതിന്റെ 50 മീറ്റർ നീളമുള്ള കപ്പലിന് തൊട്ടുപിന്നിലുള്ളത് 47മീറ്ററുള്ള കെ.എസ്.ഐ.എൻ.സിയുടെ നെഫർറ്റിറ്റി ക്രൂസ് ആണ്. ലോകത്തിലെ ഉല്ലാസക്കപ്പലുകളുടെ പരമാവധി നീളം 362 മീറ്ററാണ്. 210 മീറ്ററുള്ള കോർഡീലിയ ക്രൂസാണ് ഇന്ത്യയിലെ ഏറ്റവും വലുത്.

കപ്പലിൽ
 സെൻട്രലൈസ്ഡ് എ.സി, ഡി.ജെ, മ്യൂസിക് ബാൻഡ്, ഡാൻസ്, കലാരൂപങ്ങൾ, ഭക്ഷണശാല, ഫീഡിംഗ് റൂം

 1,200 രൂപ (ഒരാൾക്ക്)

 3 മണിക്കൂർ (സമയം)

 750രൂപ- (സൺസെറ്റ് ക്രൂസ്, രണ്ടര മണിക്കൂർ)

'കൊവിഡ് പണിമുടക്കിയതിനാലാണ് കപ്പൽ നിർമ്മാണം നീണ്ടത്. സ്വപ്‌ന സാക്ഷാത്കാരമാണ്".
-നിഷ്ജിത്