dog

മൂവാറ്റുപുഴ: തെരുവുനായ്ക്കൾക്കൊപ്പം വളർത്തുനായകളും തെരുവിൽ അലയുന്നത് ജനങ്ങൾക്ക് ഭീഷണിയായി. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പുറന്തള്ളുന്ന ഭക്ഷാവശിഷ്ടങ്ങളാണ് ഇവയെ തെരുവിലേക്ക് ആകർഷിക്കുന്നത്. നായ്ക്കൾക്കൊപ്പം ചില മേഖലകളിൽ കുറുക്കൻമാരുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. തെരുവുനായകളെ കൊണ്ട് പൊറുതി മുട്ടികൊണ്ടിക്കുമ്പോഴാണ് വളർത്തുനായ്ക്കൾ കൂടി തെരുവിലേക്ക് ഇറങ്ങിയത്.

നഗരസഭയിലും ആവോലി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുമാണ് നായ ശല്യം രൂക്ഷം. വളർത്തുമൃഗങ്ങളെ നായ്ക്കൾ ഉപദ്രവിക്കുകയും കടിച്ചുകീറുകയും ചെയ്യുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ആവോലി പഞ്ചായത്തിലെ ഒന്നാം വാർഡായ കിഴക്കേക്കര, അടൂപ്പറമ്പ്, കാട്ടുകണ്ടം, എന്നീ പ്രദേശങ്ങളിൽ നായ്ക്കളെ തുറന്നുവിടുന്നതുമായ ബന്ധപ്പെട്ട് നാട്ടുകാർക്കിടയിൽ തർക്കങ്ങൾക്കിടയായിട്ടുണ്ട്. നഗരസഭയിലെ ഇ.ഇ.സി മാർക്കറ്റ് റോഡ്, മാർക്കറ്റ് ബസ് സ്റ്റാൻഡ്, ആരക്കുഴ റോഡ്, കെ.എസ്.ആർ.ടി സി ബസ് സ്റ്റേഷൻ എന്നീ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം നിത്യ സംഭവമാണ്.

തദ്ദേശ സ്ഥാപന മേധാവികലുടെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രി കാലങ്ങളിൽ വീടുകളുടെ സിറ്റൗട്ടിൽ പോലും തെരുവുനായകൾ അന്തിയുറങ്ങുന്നത് പതിവാണ്. തെരുവു നായകളെ ഓടിക്കാൻഎത്തുന്ന വീട്ടുകാരുടെ നേരെ കുരച്ചുചാടി ആക്രമിക്കുവാനും നായകൾ മടിക്കുന്നില്ല. തെരുവുനായക്കളുടെ വന്ധ്യകരണ പദ്ധതി നിലച്ചിട്ട് നാളുകളായി. വന്ധ്യംകരണം നിലച്ചതോടെ നായകൾ പെറ്റുപെരുകുവാൻ തുടങ്ങി.