
മൂവാറ്റുപുഴ: രക്ഷാദൗത്യങ്ങൾക്കുവേണ്ട എല്ലാ ഉപകരണങ്ങളുമായി എമർജൻസി റസ്ക്യൂ ടെൻഡർ വാഹനം മൂവാറ്റുപുഴയിലുമെത്തി. മാത്യു കുഴൽനാടൻ എം.എൽ.എ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. സേന ഒരു രക്ഷാദൗത്യത്തിൽ ഏർപ്പെടുമ്പോൾ ഒരു കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ഈ സംവിധാനത്തിനാകും.
1.1കോടിരൂപയാണ് വാഹനത്തിന്റെ ചെലവ്. എൽ.പി.ജി ടാങ്കറുകളിൽ നിന്നുള്ള ലീക്കേജ് തടയാൻ സഹായിക്കുന്ന ന്യൂമാറ്റിക് സീലിംഗ് കിറ്റാണ് ഈ വാഹനത്തിലെ ഒരു മറ്റൊരു സവിശേഷത. 2500 വോൾട്ട് വൈദ്യുതി പ്രവഹിച്ചാലും ഷോക്കേൽക്കാത്ത ഗ്ലൗസ് കിറ്റ്, അമ്പത് ടൺ ഭാരം വരെ ഉയർത്താൻ സഹായിക്കുന്ന ന്യൂമാറ്റിക് എയർ ബാഗ് ഗ്യാസ് കട്ടറുകൾ എന്നിവയും ഈ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. തീപിടിത്തത്തിനിടെ വിഷപ്പുക ഉയർന്നാൽ അത് പിന്തള്ളി ശുദ്ധവായു ഉള്ളിലേക്ക് പ്രവഹിപ്പിക്കാൻ കഴിയുന്ന എയർ ഹോസ്റ്റ് ബ്ലോവറും ഉൾപ്പെടുന്നു.
ഒരുകിലോമീറ്റർ പരിധിയിൽ ആശയവിനിമയ സൗകര്യമുറപ്പാക്കുന്ന വാക്കിടോക്കി സംവിധാനം, ഇലക്ട്രിക്കൽ ഡിറ്റക്ടർ, കെമിക്കൽ സ്യൂട്ട് എന്നിവയും വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ നഗരസഭ അദ്ധ്യക്ഷൻ പി.പി. എൽദോസ്, നഗരസഭ കൗൺസിലർ പി.വി. അബ്ദുൾ സലാം, സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ,സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.