
കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാർത്ഥികൾ ഇന്നലെ പ്രമുഖരുടെ ഉൾപ്പെടെ വീട് കയറി വോട്ടും പിന്തുണയും അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു. രാവിലെ 7.15ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഡോ.എം. ലീലാവതിയുടെ വീട്ടിലെത്തി. പി.ടി. തോമസിന് നൽകാറുള്ളതുപോലെ തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം ടീച്ചർ കൈയിൽ ഏൽപ്പിച്ച് തലയിൽ കൈവച്ചപ്പോൾ ഉമ വിതുമ്പി. എട്ടുമണിക്ക് നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ടു. പി.ടിയുമായുള്ള അടുപ്പവും മഹാരാജാസ് വിശേഷങ്ങളും മമ്മൂട്ടി പങ്കുവച്ചു. വീട്ടുകാര്യങ്ങളും മക്കളുടെ വിശേഷങ്ങളും തിരക്കി. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് സ്ഥാനാർത്ഥി മടങ്ങിയത്. മകൻ വിഷ്ണു തോമസും നടൻ രമേഷ് പിഷാരടിയും ഹൈബി ഈഡൻ എം.പിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് പ്രൊഫ.എം.കെ. സാനുവിന്റെ കാരിക്കാമുറിയിലെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി. പി.ടിയും ഉമയും സാനുമാഷിന്റെ ശിഷ്യരാണ്.
ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ഇന്നലെ വീടുകൾ കയറിയുള്ള പ്രചാരണത്തിലായിരുന്നു. സംഗീത സംവിധായകൻ ബിജിപാലിനെ വീട്ടിലെത്തി കണ്ടു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും ഇടപ്പള്ളിയിൽ സ്ഥാനാർത്ഥിക്കൊപ്പം ചേർന്നു. 15 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. തുടർന്ന് മഹാരാജാസ് കോളേജിൽ തന്റെ ഗുരുവായിരുന്ന പ്രൊഫ.എം.കെ. സാനുവിന്റെ വീട്ടിലെത്തി അനുഗ്രഹം തേടി.