df

കൊച്ചി​: എൽ.ഡി​.എഫ് സ്ഥാനാർത്ഥി​ ഡോ. ജോ ജോസഫ് ഇന്നലെ ഇടപ്പള്ളി​, ദേവൻകുളങ്ങര, പാലാരിവട്ടം, തമ്മനം പ്രദേശങ്ങളി​ൽ പര്യടനം നടത്തി. വീടുകളും കടകളും സന്ദർശിച്ചു. കറുകപ്പള്ളി പള്ളി​, തമ്മനം സെന്റ് ജൂഡ് പള്ളി, എസ്.എൻ.ഡി.പി യോഗം പാലാരി​വട്ടം ശാഖ, വെണ്ണല എൻ.എസ്.എസ് കരയോഗം ഓഫീസ്, തൈക്കാട് മഹാദേവ ക്ഷേത്രം എന്നി​വി​ടങ്ങളി​ൽ എത്തി​. ക്ഷേത്രത്തി​ലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായ പ്രസാദഊട്ടിലും പങ്കു ചേർന്നു.

തുതിയൂർ സെന്റ് ജോസഫ് സിറിയൻ കത്തോലിക്ക പള്ളി, തുതിയൂർ അവർ ലേഡി ഒഫ് ഡോളർ ചർച്ച്, പ്ലാറ്റിനം റസിഡൻസ് അസോസിയേഷൻ, സൺ സ്റ്റോൺ വിലാസ് എന്നിവിടങ്ങളും സന്ദർശിച്ചു.

പ്രശസ്ത സാഹിത്യകാരി ഡോ.എം.ലീലാവതിയുടെ വീട്ടിൽ നിന്നാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് പ്രചാരണം തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ടീച്ചർ ഉമയ്ക്ക് കൈമാറി. തുടർന്ന് ചലച്ചിത്രതാരം മമ്മൂട്ടിയെയും പ്രൊഫ. എം.കെ.സാനുവിനെയും വീടുകളിൽ സന്ദർശിച്ചു. രാവിലെ പത്തുമണിയോടെ തമ്മനം ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. തമ്മനം സെന്റ് ജൂഡ് ചർച്ചിലെത്തി ഫാ.ഷിനു ഉദുപ്പാന്റെ ആശിർവാദം വാങ്ങി.

സെന്റ് ജൂഡ് കോൺവെന്റും ശാന്തിഗിരി ആശ്രമവും സന്ദർശിച്ചു അന്തേവാസികളുമായി സംസാരിച്ചു.

സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ചിലെ വിവാഹച്ചടങ്ങിനിടയിലും വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്കുശേഷം സെന്റ് വിൻസന്റ് ഡീപോൾ കോൺവെന്റിലെത്തി. വൈകിട്ട് മെറീഡിയൻ ഹോട്ടലിൽ എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ഷിഹാബ് തങ്ങളുമായി ചർച്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളും കൂടെയുണ്ടായിരുന്നു. സെന്റ് തോമസ് മൗണ്ടിലെത്തി റോജി എം.ജോൺ എം.എൽ.എയ്ക്കൊപ്പം വോട്ടഭ്യർത്ഥിച്ചു. പൂണിത്തറപേട്ട, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലെ കടകളിലുമെത്തി വോട്ടു ചോദിച്ചു.