മൂവാറ്റുപുഴ: ഇടവെളയ്ക്ക് ശേഷം മൂവാറ്റുപുഴ കിഴക്കേകര, രണ്ടാർ മേഖലകളിൽ മഞ്ഞപ്പിത്തം പടരുന്നു. മൂവാറ്റുപുഴ നഗരസഭ, ആവോലി പഞ്ചായത്ത് ഭാഗങ്ങളിൽ പെടുന്ന പ്രദേശങ്ങളിലാണ് ഹെപ്പറ്റൈറ്റിസ്-ബി അsക്കമുള്ള മഞ്ഞപ്പിത്തം വ്യാപകമായത്. ഇതിനോടകം മുപ്പതോളം പേർക്ക് രോഗം പിടിപെട്ടതായാണ് കണക്ക്.

ആവോലി പഞ്ചായത്തിലെ ഒരു ഗോഡൗണിൽ ജോലി ചെയ്യുന്ന ആറു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എവിടെ നിന്നാണ് രോഗം വ്യാപിക്കുന്നതെന്നു വ്യക്തതയില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നു. നിലവിൽ രോഗം ബാധിച്ച് ഒരു സ്ത്രീയടക്കം 2 പേർ ഗുരുതരാവസ്ഥയിലാണ്.

ഒരു മാസം മുമ്പാണ് പ്രദേശത്ത് രോഗം റിപ്പോർട്ട് ചെയ്തത്. തുടർന്ന് വ്യാപകമായി പടർന്ന് പിടിക്കുകയായിരുന്നു. എന്നാൽ ആവോലി പി .എച്ച്.സി യുടെ നേതൃത്വത്തിൽ ഒരു പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ നടത്തിയതല്ലാതെ മറ്റ് യാതൊരു നടപടികളുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്ന തടക്കമുള്ള കാര്യങ്ങളിലും വകുപ്പ് പരാജയപ്പട്ടതായും നാട്ടുകാർ പരാതിപ്പെടുന്നു. രോഗം ബാധിച്ച് അവശനിലയിലായവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും നഗരത്തിലെ മറ്റ് സ്വകാര്യ ആശുത്രികളിലും ചികിത്സ തേടിയിരുന്നു. രോഗം പടരുമെന്ന ഭീഷണി നിലനിൽക്കുമ്പോഴും കാര്യക്ഷമമായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത ആരോഗ്യ വകുപ്പിന്റെ നടപടി ജനങ്ങളിൽ ആശങ്ക വളർത്തിയിട്ടുണ്ട്. പായിപ്ര, മഴുവന്നൂർ, വാളകം പഞ്ചായത്തിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാളകം, മുടവൂർ എന്നിവിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബി മുൻ വർഷങ്ങളിൽ വ്യാപാകമായി പടർന്നിരുന്നു. ആവോലി പഞ്ചായത്തിൽ ഇതിനു മുമ്പ് വ്യാപകമായി ഹെപ്പറ്റൈറ്റിസ് ബി പടർന്നുപിടിച്ചിരുന്നില്ല. രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ആരംഭത്തിൽത്തന്നെ ശരിയായ ചികിത്സ ലഭിക്കുകയാണെങ്കിൽ രോഗം ഭേദമാക്കാൻ കഴിയും പ്രത്യേക പരിശോധനയിലൂടെ മാത്രമേ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടുപിടിക്കാൻ കഴിയൂവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.