df

കൊച്ചി: ഗതാഗത നിയമലംഘനങ്ങൾ 'കണ്ടുപിടിക്കാൻ' എ.ഐ കാമറകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) മിഴിതുറന്നെങ്കിലും കാര്യങ്ങൾ ഇതുവരെ 'ഫൈനാ'യിട്ടില്ല ! എ.ഐ സോഫ്റ്റ്‌വെയറും പരിവാഹൻ വെബ് സൈറ്റും സംയോജിപ്പിക്കുന്ന ജോലികൾ ഇനിയും തീരാത്തതാണ് കാരണം. മേയ് 31നകം ജോലികൾ പൂർത്തിയാക്കി ജൂണോടെ പിഴയീടാക്കൽ ആരംഭിക്കുകയാണ് ലക്ഷ്യം. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ സ്ഥാപിച്ച 722 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നി​യമലംഘനം സ്വയം കണ്ടെത്തൽ, ചി​ത്രസഹി​തം നോട്ടീസ് തയ്യാറാക്കൽ, ഉടമയുടെ നമ്പറി​ലേക്ക് മെസേജ്, വി​ലാസത്തി​ലേക്ക് നോട്ടീസും ചലാനും തയ്യാറാക്കൽ, പരി​വാഹൻ സൈറ്റി​ലേക്ക് കുറ്റകൃത്യങ്ങൾ അപ്‌ലോഡ് ചെയ്യൽ തുടങ്ങി​യ കാര്യങ്ങൾ കാമറയും സോഫ്റ്റ്‌വെയറും സ്വയം ചെയ്തുന്നതാണ് പദ്ധതി. 240 കോടി രൂപയാണ് ആകെ ചെലവ്. ജില്ലാ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്.

 ജില്ലയിൽ 50

ഒരു ജില്ലയിൽ ശരാശരി 50 കാമറകളുണ്ട്. ആദ്യഘട്ടം പ്രധാന പാതകളി​ലാണ്. രണ്ടാം ഘട്ടത്തിൽ കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കും. കെ.എസ്.ഇ.ബിയാണ് വൈദ്യുതി സഹായം. 24മണിക്കൂറും കൺട്രോൾ റൂം പ്രവർത്തി​ക്കും. മോട്ടോർ വാഹന വകുപ്പ് നേരത്തെ സ്ഥാപിച്ചിട്ടുള്ള 240 കാമറകളും സേവ് കേരളാ പദ്ധതിക്കൊപ്പം ചേർത്തിട്ടുണ്ട്. അതാത് കൺട്രോൾ റൂമുകളാണ് ഇവ നിയന്ത്രിക്കുന്നത്. നേരത്തെ കൊച്ചി, കോഴിക്കോട് കൺട്രോൾ റൂമുകൾക്കായിരുന്നു ചുമതല. അമിതവേഗവും സിഗ്‌നൽ ലംഘനവും മാത്രമാണ് ഈ കാമറകൾ കൈയോടെ പിടിച്ചിരുന്നത്. 240 കാമറകളിൽ 50 എണ്ണം വാഹനം ഇടിച്ചും മറ്റുമായി തകരാറിലാണ്. അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും. പൊലീസും സംസ്ഥാനത്ത് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചയിൽ 250ലധികം വരുമിത്.

 പകൽപോലെ

ഒരുവർഷം കൊണ്ടാണ് കെൽട്രോൺ സംവിധാനം ഒരുക്കി​യത്. 240 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനത്തിന്റെ വരെ നമ്പർ പ്ലേറ്റ് ഇത് ഒപ്പിയെടുക്കും. പകൽപോലെ രാത്രിദൃശ്യങ്ങളും പകർത്തും.

പി​ടി​വീഴുന്ന കാര്യങ്ങൾ

 ഹെൽമെറ്റ് -500

 സീറ്റ് ബെൽറ്റ് -500

 അമിത വേഗം -500

 മൊബൈൽ സംസാരം- 2000

 സിഗ്നൽ ലംഘനം -500

 നോ പാ‌ർക്കിംഗ്- 500

 ത്രിപ്പിൾസ് - 1000

 സേഫ് കേരള

ശബരിമല മണ്ഡലകാലത്തെ അപകടങ്ങൾ കുറയ്ക്കാൻ മോട്ടോ‌‌ർ വാഹന വകുപ്പിന്റെ ഇടപെടൽ വിജയിച്ചതോടെ 2018ലാണ് സ‌ർക്കാർ സേഫ് കേരള പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ കേന്ദ്രങ്ങളിൽ കൺട്രോൾ റൂം സ്ഥാപിച്ച് അപകട സാദ്ധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കാമറകൾ സ്ഥാപിച്ചത്. എറണാകുളത്ത് 2014 മുതൽ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. പിന്നീട് കോഴിക്കോടും ആരംഭിച്ചു.

 വൈകിയാൽ ഇരട്ടി

പിഴ ഓൺലൈൻ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കാൻ സൗകര്യമുണ്ട്. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ മോട്ടോർവാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയിൽ അടയ്‌ക്കേണ്ടിവരും.