
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നിർമ്മാതാവ് വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞ ദിവസമാണ് അഡിഷണൽ സി.ജെ.എം കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ആഭ്യന്തര മന്ത്രാലയം ഇത് ദുബായ് അധികൃതർക്ക് കൈമാറിയതായി സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
വിജയ് ബാബുവിനെതിരെ ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിയെ അറസ്റ്റ് ചെയ്ത് കൈമാറുന്നതിനുള്ളതാണ് റെഡ് കോർണർ നോട്ടീസ്.
കീഴടങ്ങണമെന്ന പൊലീസിന്റെ നിർദ്ദേശത്തിന്, 19നേ എത്താനാകൂവെന്നാണ് വിജയ് ബാബു അറിയിച്ചിട്ടുള്ളത്. മുൻകൂർ ജാമ്യാപേക്ഷ 18ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുവരെ മാറി നിൽക്കാനാണ് ഇയാളുടെ ശ്രമമെന്നാണ് വിലയിരുത്തൽ.