പറവൂർ: ട്രോളിംഗ് നിരോധനം ആരംഭിക്കാൻ ഒരുമാസം ബാക്കി നിൽക്കേ നിരോധനം മുൻകൂർ നടപ്പിലാക്കി ഫിഷിംഗ് ബോട്ട് ഉടമകൾ. വിവിധ പ്രശ്നങ്ങളെ തുടർന്ന് മത്സ്യബന്ധന മേഖല നേരിടുന്ന നഷ്ടങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ബോട്ട് കടലിലേക്കയയ്ക്കാതെ കടവിൽ കെട്ടിയിയാണ് ഉടമകൾ നിർബന്ധരാകുകയാണ്. ഡീസൽ വിലവർദ്ധനയാണ് പ്രതിസന്ധിയിലെ പ്രധാന കാരണം. ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് ആരംഭിച്ച് ജൂലായ് 31ന് അവസാനിക്കും. 53 ദിവസത്തെ നിരോധനം 60 ദിവസമായി വർദ്ധിപ്പിക്കണമെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം. ബോട്ട് കടലിൽ ഇറക്കുന്നത് നഷ്ടമായതോടെ എത്രനാൾ വേണമെങ്കിലും നിരോധിക്കട്ടെയെന്ന തിരുമാനത്തിലാണ് ഉടമകൾ. . കാലാവസ്ഥ വ്യതിയാനവും മറ്റും മൂലം മത്സ്യലഭ്യത കുറവാണ്. ഓരോ പ്രാവശ്യവും മത്സ്യബന്ധനം കഴിഞ്ഞ് ബോട്ട് തിരിച്ചെത്തുമ്പോൾ നഷ്ടങ്ങളുടെ കണക്കാണ് ഉടമകൾക്ക് പറയാനുള്ളത്.
ഡീസൽ വില വർദ്ധനയിൽ
നട്ടം തിരിയുന്നു
ഒരാഴ്ച്ചക്കാലത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്ന വലിയ ബോട്ടുകൾക്ക് ശരാശരി 3,000 മുതൽ 3,500 ലിറ്റർ ഡീസൽ വരും. ഇതിന് ഇപ്പോഴത്തെ വിലയനുസരിച്ച് നാല് ലക്ഷം രൂപയോളമാണ് വില. വലിയ ബോട്ടുകളിൽ 13 മുതൽ 18 വരെ തൊഴിലാളികളുണ്ടാവും. ഇവർക്ക് 500 രൂപ വീതം പ്രതിദിന ബാറ്റ, ഭക്ഷണ സാധനങ്ങൾ ഏകദേശം 20,000 രൂപ, ഐസ്, ശുദ്ധജലം, ഗ്യാസ് തുടങ്ങിയ ഇനങ്ങളിലായി അഞ്ച് ലക്ഷമെങ്കിലും കുറഞ്ഞത് ചെലവ് വരും.
കേരളത്തിൽ
സബ്സിഡിയില്ല
തമിഴ്നാട്, കർണാടക തുടങ്ങി പല സംസ്ഥാനങ്ങളിലും മത്സ്യ ബന്ധന ബോട്ടുകൾക്ക് ഡീസലിന് സബ്സിഡിയുണ്ട്. എന്നാൽ കേരളത്തിൽ റോഡിലൂടെ ഓടുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ റോഡ്സെസ് അടക്കം ബോട്ട് ഉടമകൾ നൽകേണ്ടി വരുന്നു. ഡീസൽ വിലയിൽ വിവിധ സെസുകളും നികുതികളുമായി ഈടാക്കുന്നതിൽ 20 രൂപയെങ്കിലും ന്യായമായും കുറച്ചുനൽക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടെന്ന് മുനമ്പം ഫിഷിംഗ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ ജനറൽ കൺവീനർ കെ.ബി. കാസിം പറഞ്ഞു.