soyaljoshy-reception

മരട്: പന്തുരുട്ടി പരിശീലിച്ച തൃപ്പൂണിത്തുറയിലെ ഗവ: ബോയ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു വട്ടം കൂടി എത്തിയ സന്തോഷത്തിലായിരുന്നു സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ കളിക്കാരനായിരുന്ന സോയൽ ജോഷി. പൂണിത്തുറ ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ആദരം ഏറ്റുവാങ്ങാനായി തൃപ്പൂണിത്തുറയിൽ സോയൽ ജോഷി എത്തിയത്. തന്റെ ആദ്യകാല പരിശീലനത്തിന്റെ ഓർമ്മകൾ പങ്കുവെക്കാനുള്ള അവസരം കൂടിയായി.

ഫുട്‌ബാളിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയ തൃപ്പൂണിത്തുറയിലെ ഗവ: ബോയ്‌സ് ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ സോയൽ എത്തിയപ്പോൾ അഹ്ളാദാരവങ്ങളോടെയാണ് ഭഗത് സോക്കർ അക്കാഡമിയിലെ പുതിയ തലമുറ സോയലിനെ സ്വീകരിച്ചത്. പന്ത്രണ്ട് വയസുള്ളപ്പോഴാണ് തൃപ്പൂണിത്തുറയിലെ ഗവ. ബോയ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നിരുന്ന ഭഗത് സോക്കർ ഫുട്‌ബാൾ അക്കാ‌ഡമിയുടെ പരിശീലന ക്യാമ്പിൽ സോയൽ ആദ്യമായി പരിശീലനത്തിന് എത്തിയത്. തന്റെ ഫുട്‌ബാൾ ജീവിതത്തിലെ ഏറ്റവും വിലയേറിയ ദിനമാണിതെന്നായിരുന്നു സോയലിന്റെ പ്രതികരണം.

തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദിപ് കുമാർ അദ്ധ്യക്ഷനായി. ഭഗത് സോക്കറിന്റെ ഉപഹാരം സോയലിന് സമർപ്പിച്ചു. ഭഗത് സോക്കർ ക്ലബ്ബ് സെക്രട്ടറി വി.പി.ചന്ദ്രൻ, ഫുട്‌ബാൾ കോച്ചുമാരായ കെ.രവീന്ദ്രൻ, പി.എൽ.പ്രദീപ്, എ.വി.ബൈജു, എം.എസ്.മനോജ്, ബിജു മനയത്ത് തുടങ്ങിയവർ സംസാരിച്ചു.