
ആലുവ: ആലുവ നഗരസഭ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച കുറ്റിപ്പുഴ കൃഷ്ണപിള്ള മെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറി വാർഷികം മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.
ഫാ. പോൾ തേലക്കാട്ട്, ഡോ. വേണു വാരിയത്ത്, ജെബി മേത്തർ എം.പി, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. ശതാബ്ദി മത്സര വിജയികൾക്ക് ജെബി മേത്തർ എം.പി സമ്മാനങ്ങൾ നൽകി. പരേതനായ സാഹിത്യകാരൻ ഒ.പി. ജോസഫിന്റെ ശേഖരണത്തിൽ നിന്നുള്ള 5000 പുസ്തകങ്ങൾ അൻവർ സാദത്ത് എം.എൽ.എ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോണിന് കൈമാറി. കഴിഞ്ഞ 10 വർഷത്തോളമായി ലൈബ്രറിയുടെ വാർഷികാഘോഷം മുടങ്ങിയിരിക്കുകയായിരുന്നു.
ഉദ്ഘാടന വേദിയിൽ ബി.ജെ.പി
കൗൺസിലർമാരുടെ പ്രതിഷേധം
നഗരസഭാ ലൈബ്രറി വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ ബി.ജെ.പി കൗൺസിലർമാരുടെ വേറിട്ട പ്രതിഷേധം. ഉദ്ഘാടന ചടങ്ങ് കോൺഗ്രസ് പരിപാടി ആക്കിയെന്നാരോപിച്ച് വാർഡ് കൗൺസിലർ ഉൾപ്പെടെ നാല് ബി.ജെ.പി അംഗങ്ങൾ നഗരസഭ ചെയർമാൻ സ്വാഗതപ്രസംഗം നടത്തുന്നതിനിടെ പ്ളേക്കാർഡുമായി വേദിയിലേക്ക് കയറുകയായിരുന്നു.
ലൈബ്രറി വാർഡ് കൗൺസിലേറെ പോലും പരിപാടിയിൽ പങ്കെടുപ്പിക്കാതെ അവഗണിച്ചെന്നും ബി.ജെ.പി ആരോപിച്ചു. ശതാബ്ദി ആഘോഷത്തിന്റെ മറവിൽ നിയമവിരുദ്ധമായി നഗരസഭാ ചെലവിൽ പരിപാടികൾ സംഘടിപ്പിക്കുകയാണെന്നും കൗൺസിലിനെ നോക്കുകുത്തിയാക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. കൗൺസിലറുമാരായ പി.എസ്. പ്രീത, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, കെ.പി. ഇന്ദിരദേവി എന്നിവരാണ് പ്രതിഷേധിച്ചത്.