കളമശേരി: ഏലൂർ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന് മുകളിൽ കുറ്റാക്കൂരിരുട്ട് തുടരുന്നു. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോൾ പാലംപണി പൂർത്തിയായെങ്കിലും ഉദ്ഘാടനം നടത്താൻ കഴിഞ്ഞില്ല. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാരിനും ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞില്ല. അതിനുമുമ്പായി നാട്ടുകാർ ചേർന്ന് ജനകീയ ഉദ്ഘാടനം നടത്തി. വർഷങ്ങൾ കഴിഞ്ഞട്ടും പോസ്റ്റുകാലുകൾ സ്ഥാപിച്ചതല്ലാതെ വൈദ്യുതി എത്തിയില്ല. ഏലൂർ - ഇടയാർ വ്യവസായ മേഖലയിൽ രാത്രി ജോലിക്ക് എത്തുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. ഇരുട്ടിന്റെ മറവിൽ ലഹരി മാഫിയയും സജീവമാണ്. ലഹരിവില്പനക്കാരെ പലതവണ പൊലീസ് ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്. എത്രയും വേഗം വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.