ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ഭൂഗർഭ പൈപ്പിടൽ പുനരാരംഭിക്കാൻ തീരുമാനം. ശനിയാഴ്ച്ച ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
ജനപ്രതിനിധികളും നാട്ടുകാരും ഉന്നയിച്ച ആശങ്കകളെ തുടർന്ന് പദ്ധതിയുടെ മുഴുവൻ ഫയലുകളും ജില്ലാ കളക്ടർ പരിശോധിച്ചു. സുതാര്യമാണെന്നാണ് കളക്ടർ വിലയിരുത്തിയത്. ഇന്ന് യോഗത്തിന്റെ മിനിറ്റ്സ് തയ്യാറായ ശേഷം പ്രതിഷേധക്കാരെ വിവരങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം നിർമ്മാണം പുനരാരംഭിക്കും. കിൻഫ്ര, ഇറിഗേഷൻ, വാട്ടർ അതോറിട്ടി, പി.ഡബ്ളിയു.ഡി വകുപ്പുകളുടെ മേധാവികളുമാണ് യോഗത്തിൽ സംബന്ധിച്ചിരുന്നത്.
പദ്ധതിയിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കോൺഗ്രസ് പ്രവർത്തകർ എടയപ്പുത്താണ് നിർമ്മാണം തടഞ്ഞത്. പിന്നാലെ പരിസ്ഥിതി പ്രവർത്തകരുമെത്തി. നാളെ ജനകീയ സമിതിയുടെ പ്രതിഷേധമുണ്ട്. സി.പി.ഐ എടത്തല ലോക്കൽ സമ്മേളനവും പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. 25 വർഷത്തെ ദീർഘകാലവീക്ഷണത്തോടെയാണ് 40 എം.എൽ.ഡി വെള്ളം എത്തിക്കാവുന്ന സംവിധാനമൊരുക്കുന്നത്. ആദ്യഘട്ടത്തിൽ 10 എം.എൽ.ഡി വെള്ളമാണ് ലക്ഷ്യമിടുന്നതെന്ന് കിൻഫ്ര സോണൽ മാനേജർ അമ്പിളി 'കേരളകൗമുദി'യോട് പറഞ്ഞു.
കുപ്പിവെള്ള പദ്ധതിയെന്ന നിലയിൽ തെറ്റായ പ്രചരണമാണ് നടക്കുന്നത്. നിർമ്മാണം നടക്കുന്ന പെട്രോ കെമിക്കൽ പാർക്കിന് 12 എം.എൽ.ഡി വെള്ളം ആവശ്യമാണ്. ഇലക്ട്രിക്കൽ മാനുഫാക്ച്ചറിംഗ് ക്ളസ്റ്ററിന് അഞ്ച് എം.എൽ.ഡി, ഇൻഫോ പാർക്കിന് 10 എം.എൽ.ഡി, കിൻഫ്രക്ക് ആറ് എം.എൽ.ഡി എന്നിങ്ങനെയാണ് 25 വർഷത്തേക്ക് വെള്ളം ആവശ്യമായി വരുന്നത്. ഇത്തരത്തിലാണ് 45 എം.എൽ.ഡിയുടെ പദ്ധതി തയ്യാറാക്കിയത്. പെരിയാറിൽ നിന്ന് പദ്ധതിക്കായി അഞ്ച് ശതമാനം വെള്ളമാണ് എടുക്കുന്നത്. സി.ഡബ്ളയു.ആർ.ഡി.എം (സെൻട്രൽ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആന്റ് മാനേജ്മെന്റ്) പഠനം നടത്തിയിരുന്നു. അതിനാൽ വേനൽക്കാലത്തും പെരിയാറിൽ ജലക്ഷാമം ഉണ്ടാകില്ലെന്നും പറയുന്നു. പെരിയാറിലെ ജലം വിൽപ്പന ചരക്കാക്കരുതെന്ന് ആവശ്യപ്പെട്ട് എടയപ്പുറം ജനകീയ സമിതി നാളെ അമ്പാട്ടുകവലയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. അൻവർ സാദത്ത് എം.എൽ.എ, പരിസ്ഥിതി പ്രവർത്തകൻ ചിന്നൻ ടി. പൈനാടത്ത് എന്നിവർ സംസാരിക്കും