ഫോർട്ട് കൊച്ചി: കൊച്ചിയുടെ പുതിയ തീരമായ ബീച്ച് റോഡ് കടപ്പുറത്തിന്റെ ഭംഗി ആസ്വദിക്കാനായി എത്തുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോഴും സുരക്ഷ നിർദേശങ്ങൾ നൽകുവാൻ ലൈഫ് ഗാർഡുകൾ ഇല്ലാത്തത് ആശങ്കക്കിടയാക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് പുതിയ കടപ്പുറത്തേക്ക് ഒഴുകി എത്തുന്നത്.അനുദിനം തീരം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഫോർട്ട്കൊച്ചി കടപ്പുറം സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സഞ്ചാരികൾക്ക് പ്രതീക്ഷയേകുകയാണ് പുതിയ തീരം.

കൊച്ചിയുടെ ഏതാനും ദൂരം മാത്രമുള്ള സൗത്ത് മൂലങ്കുഴിയിലെ ബീച്ച് റോഡിലാണ് പുതിയ തീരം. രണ്ട് വർഷം മുമ്പാണ് ഇങ്ങനെയൊരു തീരം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവിടെ വ്യായാമത്തിനും വിശ്രമത്തിനും നാട്ടുകാർ എത്തിത്തുടങ്ങി.കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി കയാക്കിംഗ് പരിശീലനം ഇവിടെവച്ച് സംഘടിപ്പിച്ചതോടെയാണ് ഇങ്ങനെയൊരു മനോഹര തീരം പുറം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.പിന്നീട് വിദേശികളും അഭ്യന്തര സഞ്ചാരികളും ഇവിടേക്ക് എത്താൻ തുടങ്ങി. രാവിലെ നീന്തുവാനും ആളുകൾ ഇവിടെ എത്തുന്നുണ്ട്.

എല്ലാ ഞായറാഴ്ചയും ഇവിടെ കയാക്കിംഗ് പരിശീലനവും സംഘടിപ്പിച്ച് വരുന്നുണ്ട്.നല്ല നസ്രത്ത്കാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇവിടെ ലൈഫ് ബോയ ഏർപ്പാട് ചെയ്തിട്ടുണ്ടെങ്കിലും കടലിൽ ഇറങ്ങുന്നവർക്ക് സുരക്ഷ നിർദേശങ്ങൾ നൽകുന്നതിന് ലൈഫ് ഗാർഡുകളെ നിയോഗിക്കണമെന്ന ആവശ്യം. ഫോർട്ട്കൊച്ചി കടപുറത്ത് തീരം കുറവായതിനാൽ ആളുകൾ കുടുംബവുമായി ഇങ്ങോട്ടാണ് വരുന്നത്.താരതമ്യേന അപകടം കുറവുള്ള തീരമാണെങ്കിലും കുട്ടികൾ ഉൾപെടെ കടലിൽ കുളിക്കാൻ ഇറങ്ങുന്ന സാഹചര്യമുണ്ട്. ലൈഫ് ഗാർഡുകൾ ഉണ്ടെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ അപകടം ഒഴിവാക്കാൻ കഴിയും.അത് കൊണ്ട് തന്നെ ഇവിടെ ലൈഫ് ഗാർഡുകളുടെ സേവനം അടിയന്തരമായി ലഭ്യമാക്കാൻ നടപടി വേണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.