കൊച്ചി: 'കൊവിഡ് പ്രതിസന്ധിക്കാലത്ത് പിടിച്ചെടുത്തത് 19 കോടി രൂപയുടെ മത്സ്യമാണ്, ഇനിയും മായം ചേർത്ത മത്സ്യം വില്ക്കുകയാണെന്ന പേരിൽ മേഖലയെ ആകെ ദ്രോഹിക്കരുത്' ഓൾ കേരളാ ഫിഷ് മർച്ചന്റ്സ് ആൻഡ് കമ്മിഷൻ ഏജൻസീസ് അസോസിയേഷൻ ഭാരവാഹികളുടെ വാക്കുകളാണ്. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മിന്നൽ പരിശോധനയുടെ പേരിൽ സാധാരണക്കാരയ മത്സ്യത്തൊഴിലാളികൾ ക്രൂശിക്കപ്പെടുകയാണ്. സർക്കാർ ഈ നിലതുടരുകയാണെങ്കിൽ മത്സ്യവില്പന പൂർണമായും നിർത്തിവച്ച് സമരത്തിന് ഇറങ്ങുമെന്ന് ഭാരവാഹികൾ പറയുന്നു.

കേരള വിപണിയിലേക്ക് ആവശ്യമായ മത്സ്യത്തിന്റെ 29 ശതമാനം മാത്രമാണ് കേരള തീരത്ത് നിന്ന് കിട്ടുന്നത്. ഇതിന് പുറമേ ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് മത്സ്യം എത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മായം ചേർത്ത മത്സ്യങ്ങൾ പിടിച്ചിട്ടുണ്ട്. എല്ലായിടത്തും ഇങ്ങനെയാണെന്ന് കരുതരുതെന്നും ഉദ്യോഗസ്ഥർ ഈ ചിന്തയോടെയാണ് പെരുമാറുന്നതെന്നും സംസ്ഥാന ചെയർമാൻ സി.എം. ഷാഫി എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നത്. മലയാളികളാണ് ഇടനിലക്കാർ. മോശമായ മീനുകൾ എടുക്കാറില്ല. കോഴിത്തീറ്റയ്ക്കും വളത്തിനുമായി കൊണ്ടുപോകുന്ന മീനുകളാണ് പഴകിയ മത്സ്യമെന്ന പേരിൽ പിടിക്കുന്നത്. വില്പനയ്ക്ക് കൊണ്ടുവരുന്ന മീനുകൾ പിടിച്ചെടുത്താലും പരിശോധന റിപ്പോർട്ട് ഒരു ദിവസത്തിന് ശേഷമേ നൽകുന്നുള്ളൂ. ഇത് വില്പനയെ ബാധിക്കുന്നുണ്ടെന്നും ഭാരവാഹികൾ ആരോപിക്കുന്നു. മത്സ്യ വ്യാപാരമേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാണ് പ്രധാന ആവശ്യം.

 11ന് പ്രഖ്യാപിക്കും

തൊഴിൽ സംരക്ഷണ സന്ദേശമുയർത്തി ഈ മാസം 11ന് അസോസിയേഷന്റെ നേതൃത്വത്തിൽ മത്സ്യമേഖലയിലെ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി സമര പ്രഖ്യാപന കൺവൻഷൻ വിളിച്ചിരിക്കുകയാണ്. തൃശൂ‌ർ ചാവക്കാട് നടക്കുന്ന സമ്മേളനത്തിൽ സമരരീതി തീരുമാനിക്കും. വില്പന നിർത്തിവയ്ക്കാനാണ് ആലോചന. അന്തിമ തീരുമാനമായിട്ടില്ല.