ആലുവ: കഴിഞ്ഞ 16 വർഷത്തിനിടയിൽ 100 നിർദ്ധന കുടുംബങ്ങൾക്ക് വീടൊരുക്കി കേരള ആക്ഷൻ ഫോഴ്സ്. ജാതിയും മതവും വർഗവും വർണവും പരിഗണിക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് ആശ്രയമാകുകയാണ് ഈ കൂട്ടായ്മ.

റോഡ് അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ 2000 ജനുവരി 14നാണ് ഡോ. ടോണി ഫെർണാണ്ടസ്, ഡോ. സി.എം. ഹൈദ്രാലി, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ജില്ലാ ആക്ഷൻ ഫോഴ്സ് എന്ന സംഘടന രൂപീകരിച്ചത്. സംഘടനയുടെ പ്രവർത്തനം സംസ്ഥാനം മുഴുവനുമായപ്പോൾ 'കേരള ആക്ഷൻ ഫോഴ്സ്'ആയി മാറി. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ കേസിൽ കുടുങ്ങുമെന്ന ഭീതിയിൽ പലരും മാറി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു സംഘടനയുടെ പിറവി. കോളേജുകൾ, സ്കൂളുകൾ, ക്ളബുകൾ എന്നിവ കേന്ദ്രീകരിച്ച് നിരവധി ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിച്ചു. ഇതിനിടയിൽ 2006ലാണ് കാൻസർ രോഗബാധിതയായി അൻവർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ ചികിത്സ തേടിയെത്തിയ ആലങ്ങാട് സ്വദേശിനി താര ഗോപിയുടെ ദുരിതം ഡോ. സി.എം. ഹൈദ്രാലിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

സ്വന്തമായി സ്ഥലമുണ്ടായിട്ടും വീട് നിർമ്മിക്കാൻ കഴിയാത്ത താര താൻ മരണപ്പെടുമ്പോൾ സ്വന്തം പറമ്പിൽ മരണാനന്തര കർമ്മങ്ങൾക്ക് സൗകര്യമൊരുക്കണമെന്നാണ് ഡോക്ടറോട് അഭ്യർത്ഥിച്ചത്. തുടർന്നാണ് ഡോക്ടർ മുൻകൈയ്യെടുത്ത് 3.75 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഭവനം നിർമ്മിച്ചത്. പിന്നീട് ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ ഐ.എം.എ, സെന്റ് സേവ്യേഴ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, അൻവർ പെയിൻ ആൻഡ് പാലിയേറ്റീവ്, എസ്.ടി.എഫ്, റെഡ് ക്രോസ് എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലായി 99 ഭവനങ്ങൾ കൂടി നിർമ്മിച്ചു. ഇതിൽ 36 വീടുകൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും ലൈഫ് പദ്ധതിയുടെ സഹായവും ലഭിച്ചു. 400 മുതൽ 550 വരെ ചതുരശ്ര വിസ്തീർണമുള്ള വീടുകളാണ് നിർമ്മിച്ചത്.

 100-ാമത് വീടിന്റെ താക്കോൽദാനം

ആക്ഷൻ ഫോഴ്സ് നിർമ്മിച്ച 100-ാമത്തെ വീടിന്റെ താക്കോൽദാനം മേയ് 12ന് നടക്കും. ശ്രീമൂലനഗരം കുട്ടാൻവേലി കോളനി പുല്ലാട്ട്മഠം ബിന്ദു കുമാരനാണ് താക്കോൽ കൈമാറുന്നത്. ബിന്ദുവിന്റെ ഭർത്താവ് രണ്ട് വർഷം മുമ്പ് കാൻസർ ബാധിതനായി മരിച്ചു. രോഗിയായ ബിന്ദുവിന് രണ്ട് പെൺകുട്ടികളാണുള്ളത്. ഈ സാഹചര്യത്തിലാണ് വീട് നിർമ്മിച്ച് നൽകുന്നത്. ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് താക്കോൽദാനം നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സിനിമ താരം ടിനി ടോം ഉപഹാരം നൽകും.