
സ്ഥലമേറ്റെടുപ്പിന് 10.53കോടി
കൊച്ചി: പാലം പണിതിട്ടും അഴിയാത്ത കുണ്ടന്നൂരെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. കുണ്ടന്നൂർ പാലത്തിന് നാലുചുറ്റും വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ഭരണാനുമതി നൽകി. 200 മീറ്റർ നീളത്തിൽ രണ്ടു മുതൽ മൂന്ന് മീറ്റർ വീതിയിലാകും വികസനമെന്നാണ് വിവരം.
ഇതിന്റെ ആദ്യഘട്ടമെന്നോണം സ്ഥലമേറ്റെടുപ്പിന് 10.53കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. 40സെന്റിലേറെ സ്ഥലം ഏറ്റെടുക്കേണ്ടി വരും. സ്ഥലത്തിന് നൽകേണ്ട നഷ്ടപരിഹാരമുൾപ്പെടെ തിട്ടപ്പെടുത്തേണ്ടതുണ്ട്. സ്ഥലമേറ്റെടുപ്പിനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്ന് ആർ.ബി.ഡി.സി.കെ പ്രതിനിധികൾ വ്യക്തമാക്കി.
2021ൽ കൂണ്ടന്നൂർ ഫ്ലൈ ഓവർ കമ്മിഷൻ ചെയ്തതിനു ശേഷവും ഗതാഗത കുരുക്ക് ഒഴിയാതായതോടെ പി.ഡബ്ല്യു.ഡിയും ആർ.ബി.ഡി.സി.കെയും നാറ്റ്പാക്കും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വികസിപ്പിക്കണമെന്ന തീരുമാനത്തിലെത്തിയതും റിപ്പോർട്ട് സമർപ്പിച്ചതും. യോഗത്തിനു പിന്നാലെ വൈറ്റിലയിലും കുണ്ടന്നൂരും സ്ഥലമേറ്റെടുത്ത് വികസന പ്രവർത്തനം നടത്തണമെന്ന് ആർ.ബി.ഡി.സി.കെയാണ് നിർദേശിച്ചത്. എന്നാൽ, ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും ഭരണാനുമതി വൈകുകയായിരുന്നു. ഒടുവിൽ 10.53കോടിരൂപ ലഭിക്കുന്നതിനായി കിഫ്ബിക്ക് ആർ.ബി.ഡി.സി.കെ കത്തയച്ചിട്ടുണ്ട്.
പാലത്തിന്റെ നിർമ്മാണ സമയത്ത് ഇരുവശത്തുമായി ഡൈവേർഷൻ റോഡുകളും തൃപ്പൂണിത്തുറ, വില്ലിംഗ്ടൺ ഐലൻഡ് ഭാഗത്തുനിന്നും അരൂർ ഭാഗത്തേക്ക് പോകാൻ ഇരുവശത്തും സ്ലിപ് റോഡുകളും നൽകിയിരുന്നു. പാലത്തിന് താഴെയുള്ള റോഡിൽ സിഗ്നൽ സ്ഥാപിക്കാനും പേവിംഗ് ടൈൽ വിരിക്കാനും വഴിവിളക്കുകൾ ക്രമീക്കാനുമെല്ലാം പദ്ധതിയിട്ടിരുന്നു. ഇതിൽ പലതും നടപ്പിലാക്കിയെങ്കിലും ഗതാഗതകുരുക്ക് മാത്രം ഒഴിഞ്ഞിരുന്നില്ല. കുണ്ടന്നൂർ ഫ്ലൈ ഓവർ ദേശീയപാത 66, 966ബി 85 എന്നിവയുടെ സംഗമസ്ഥാനമാണ്. പൂർണമായും സ്ഥലമേറ്റെടുക്കൽ ഒഴിവാക്കിയാണ് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
പാലത്തിന്റെ നീളം- 450 മീറ്റർ
ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളുടെ നീളം- 281 മീറ്റർ