uma

കൊച്ചി: തൃക്കാക്കരയിൽ ഇടതു, വലത് മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സൈക്കിൾ റിക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് പത്രിക നൽകാനെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പ്രകടനമായെത്തി. ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ ഇന്ന് പത്രിക നൽകും.

സൈക്കിൾ റിക്ഷയിൽ പ്രതിഷേധിച്ച്

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സൈക്കിൾ റിക്ഷയിൽ എത്തിയാണ് ഉമാ തോമസ് പത്രിക സമർപ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർദ്ധനവിലൂടെ നടത്തുന്ന ജനദ്രോഹത്തിൽ പ്രതിഷേധമായാണ് ഇത്തരം രീതി സ്വീകരിച്ചതെന്ന് ഉമാ തോമസ് പറഞ്ഞു.

പി.ടി. തോമസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം മുഴക്കി പ്രവർത്തകരും യു.ഡി.എഫ് നേതാക്കളും ഉമാ തോമസിന് ഒപ്പമെത്തി. എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ജെബി മേത്തർ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, യു.ഡി.എഫ് നേതാക്കളായ ഷിബു തെക്കുംപുറം, വി.പി. സജീന്ദ്രൻ, കെ പി. ധനപാലൻ, പി.കെ. ജലീൽ, ജോസഫ് അലക്‌സ്, നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ അനുഗമിച്ചു.

കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ടി.എച്ച്. മുസ്തഫ, പി.പി. തങ്കച്ചൻ എന്നിവരെ സന്ദർശിച്ചു. പി.ടി. തോമസ് ചെയ്തിരുന്നതു പോലെ പൊന്നുരുന്നി പള്ളിപ്പടി പള്ളിയിൽ നേർച്ചയിട്ട് ഇമാം കുഞ്ഞുമുഹമ്മദ് മൗലവിയുടെ അനുഗ്രഹം വാങ്ങിയാണ് പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്.

പ്രകടനമായി ഡോ. ജോ ജോസഫ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ജില്ലാ വരണാധികാരി വിധു എ. മേനോന് മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി., സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരും ഒപ്പമെത്തി. പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം കെട്ടിവയ്ക്കാൻ തുക നൽകി.

കാക്കനാട് ജംഗ്ഷനിൽ നിന്നു പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. മന്ത്രി പി. രാജീവ്, എം.എൽ.എമാരായ കെ.ജെഞ്. മാക്‌സി, പി വി ശ്രീനിജിൻ എൽ.ഡി.എഫ് നേതാക്കളായ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., എസ്. ശർമ, സി.എം. ദിനേശ് മണി, എസ്. സതീഷ്, ബിനോയ് ജോസഫ്, ജോർജ് ഇടപ്പരത്തി, ബാബു ജോസഫ്, സാബു ജോർജ്, കെ.എൻ. സുഗതൻ, പി.ആർ. മുരളീധരൻ, എം.പി. പത്രോസ്, സി.ബി. ദേവദർശനൻ, സി.കെ. പരീത്, മേയർ എം. അനിൽകുമാർ, അഡ്വ. എ.ജി. ഉദയകുമാർ, എ.പി. അബ്ദുൾ വഹാബ്, എൻ.കെ. അബ്ദുൾ അസീസ്, ബി.എ. അഷ്‌റഫ്, പൗലോസ് മുടക്കന്തല, കെ.കെ സന്തോഷ് ബാബു, ജബ്ബാർ തച്ചയിൽ എന്നിവർ നേതൃത്വം നൽകി.