അങ്കമാലി: കാടിറങ്ങിയെത്തി ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ വലപാലകരെത്തി കാടു കയറ്റി. കഴിഞ്ഞദിവസം മൂക്കന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടുപോത്ത് ഒടുവിൽ തിങ്കളാഴ്ച തുറവൂർ പ്രദേശതെത്തി. ഇതോടെ ഇന്നലെ വൈകിട്ട് വനപാലകരെത്തി പോത്തിനെ വനത്തിലേക്ക് അയച്ചത്.
മൂക്കന്നൂർ പാലാ കവലയിൽ തിങ്കൾ പുലർച്ചെയെത്തിയ കാട്ടി പോത്ത്, ഇവിടെനിന്ന് പള്ളിപ്പടി, കാനാൻദേശം, വാതക്കാട്, കിടങ്ങൂർ ഭാഗങ്ങളിലെത്തിയ കാട്ടുപോത്ത് ശിവജിപുരം, യോർദനാപുരം ഭാഗത്തേക്ക് പോയി. കാട്ടുപോത്തിനെ കാണാൻ ആളുകൾ കൂടിയതോടെ പോത്ത് തിരികെ മൂക്കന്നൂർ ഭാഗത്തേക്ക് തിരിച്ചെത്തി. റോഡിലൂടെയും പറമ്പുകളിലൂടെയും കടന്നുപോകുന്നുണ്ടെങ്കിലും കാട്ടുപോത്ത് ശല്യമൊന്നും ഉണ്ടാക്കുന്നില്ല.
ന്യജീവികൾ പതിവായി ജനവാസമേഖലയിലേക്ക് എത്തുന്നതിനാൽ മൂക്കന്നൂർ, അയ്യമ്പുഴ, മഞ്ഞപ്ര പഞ്ചായത്തുകളിലെ ജനം ഭീതിയിലാണ്. മൂക്കന്നൂരിൽ ഒരാഴ്ചയായി എല്ലാ ദിവസവും ആനയിറങ്ങുന്നുണ്ട്. രണ്ട് ആനകളാണ് പതിവായി എത്തുന്നത്. ആന, കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, മലയണ്ണാൻ, കുരങ്ങ് എന്നിവ ജനവാസമേഖലകളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് ഇപ്പോൾ പതിവാണ്.