കൊച്ചി: നഗരമദ്ധ്യത്തിലുണ്ടായ കത്തിക്കുത്തിൽ കോഴിക്കോട് സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് പൊലീസ് പിടിയിലായി. കൊച്ചി നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മാർട്ടിനാണ് അറസ്റ്റിലായത്. കോഴിക്കോട് വടകര കണ്ടങ്ങോട് വീട്ടിൽ ഹൈറൂസിനാണ് (42) കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് ആറോടെ എറണാകുളം നോർത്ത് പരമാര ക്ഷേത്രത്തിന് മുന്നിൽ വച്ചായിരുന്നു സംഭവം.
പൊലീസ് പറയുന്നത്. മാർട്ടിനും ഹൈറൂസും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും സംഭവദിവസം ഒന്നിച്ചിരുന്ന് മദ്യപിച്ചു. പിന്നീട് വാക്കുതർക്കമായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് മാർട്ടിൽ ഹൈറൂസിനെ കുത്തുകയായിരുന്നു. വാരിയെല്ലിനോട് ചേർന്ന് രണ്ട് കുത്തും വയറിന് ഒരുകുത്തുമാണ് ഏറ്റത്.
കരച്ചിൽകേട്ട് അവിടെയുണ്ടായിരുന്നവർ ഓടിക്കൂടുകയും ഹൈറൂസിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ മാർട്ടിനെ പിടികൂടി.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.