തൃക്കാക്കര: ചെമ്പുമുക്കിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 4ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ ഒരു പ്രതിയെക്കൂടി തൃക്കാക്കര പൊലീസ് പിടികൂടി. കാക്കനാട് അത്താണി ശ്മശാനംറോഡിൽ വലിയപറമ്പിൽ വീട്ടിൽ സുനീറാണ് (32) അറസ്റ്റിലായത്. സ്വർണാഭരണങ്ങൾ ആണെന്നുള്ള വ്യാജേന സ്വർണനിറത്തിലുള്ള ആഭരണങ്ങൾ ഫൈനാൻസ് സ്ഥാപനത്തിൽ കൊണ്ടുപോയി പണയം വയ്ക്കുകയും വ്യാജ തിരിച്ചറിയൽകാർഡും തെറ്റായ ഫോൺനമ്പറും ഹാജരാക്കുകയുമാണ് പ്രതികളുടെ രീതി. ഈ കേസിലെ രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. മുമ്പ് അറസ്റ്റിലായ പ്രതികൾക്ക് മുക്കുപണ്ടങ്ങൾ കൈമാറിരുന്നത് സുനീറാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞുവന്ന സുനീറിനെ ത്യക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. സ്വർണം ഉരച്ചുനോക്കി മാറ്റ് ഉറപ്പുവരുത്തുന്ന അപ്രൈസർമാർ ഇല്ലാത്ത ഫൈനാൻസ് സ്ഥാപനങ്ങളാണ് പ്രതികൾ തട്ടിപ്പിന് ഇരയാക്കുന്നത്. സംശയം തോന്നാത്ത രീതിയിലുള്ള മുക്കുപണ്ടങ്ങൾ പ്രതികൾക്ക് നിർമ്മിച്ച് കൊടുക്കുന്ന വൻസംഘം പ്രവർത്തിച്ചുവരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.