കൊച്ചി: 'സഹോദരന്മാരെ കൊന്നാൽ സ്വർഗ്ഗം ലഭിക്കുമെന്ന മിഥ്യാധാരണയിൽ ഭൂമിയിലെ സ്വർഗ്ഗത്തിൽ സൈനികരുമായി ഏറ്റുമുട്ടി മരിച്ചവർ. അവർക്ക് സ്വർഗ്ഗം കിട്ടിയോയെന്ന ചോദ്യത്തിന് ഉത്തരമില്ല, പക്ഷേ അവർ തങ്ങളുടെ ബന്ധുക്കളെ കൊടിയ ദുഃഖവും നാണക്കേടുമുള്ള നരകത്തിലേക്കാണ് തള്ളിവിട്ടത്.'- കാശ്മീർ റിക്രൂട്ട്മെന്റ് കേസി ശിക്ഷ വർദ്ധിപ്പിച്ച വിധിന്യായം ഹൈക്കോടതി ഡിവിഷൻബെഞ്ച് തുടങ്ങുന്നത് ഈ വാക്കുകളിലാണ്. നാലു യുവാക്കളാണ് കാശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
'കേസിന്റെ വിചാരണ പ്രതികളുടെ ഉറ്റവരൊക്കെ തകർന്നുപോകുന്നതിന് സാക്ഷിയായി. എങ്ങനെയാണ് തന്റെ വിദ്യാഭ്യാസം പൊടുന്നനെ നിലച്ചുപോയതെന്ന് ഒരു സഹോദരി വിവരിച്ചിരുന്നു. പ്രതികൾ യുവാക്കളെ മതമൗലിക വാദത്തിലേക്ക് ആകർഷിച്ച് രാജ്യത്തിനെതിരെ യുദ്ധംചെയ്യാൻ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെടാതെ രക്ഷപ്പെട്ടവൻ ഏതു രാജ്യത്തിനെതിരെയാണോ യുദ്ധംചെയ്തത് ആ രാജ്യത്തിന്റെ നെഞ്ചിലേക്ക് ഭീരുവിനെപ്പോലെ തിരിച്ചോടിയെത്തി. ആ രാജ്യമോ അവന് ന്യായവിചാരണയിലൂടെയാണ് ശിക്ഷവിധിച്ചത്.'- ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പൊലീസിനും എൻ.ഐ.എയ്ക്കും പ്രശംസ
കേരള പൊലീസിനെയും ദേശീയ അന്വേഷണ ഏജൻസിയെയും ഹൈക്കോടതി പ്രശംസിച്ചു. രാജ്യത്തെമ്പാടുമായി അവർ നടത്തിയ സുദീർഘമായ യാത്രകളും അന്വേഷണങ്ങളും നിർണ്ണായകമായി. തീവ്രവാദ ചിന്തകളുള്ളവരോട് ഒന്നേ പറയാനുള്ളൂ. ചരിത്രത്തിലേക്ക് നോക്കിയാൽ വേലിക്കപ്പുറമുള്ള പുല്ല് അത്ര ഹരിതാഭമല്ലെന്ന് മനസ്സിലാകും - ഹൈക്കോടതി വ്യക്തമാക്കുന്നു.