padam

കൊച്ചി: ഇരുട്ട് വീണാൽ പിടിച്ചുപറിക്കാരുടെ കൈകളിലാണ് കൊച്ചിനഗരം. പേരെടുത്ത ഗുണ്ടകൾ മുതൽ പിള്ളേർ സെറ്രുവരെയുടെയുണ്ട് പിടിച്ചുപറി സംഘങ്ങളിൽ. ഒന്നരമാസത്തിനിടെ 15ലധികം പിടിച്ചുപറി കേസുകളാണ് നഗരമദ്ധ്യത്തിലെ മൂന്ന് സ്റ്റേഷനുകളിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ലഹരി ഉപയോഗിക്കാനുള്ള ധനസമ്പാദനത്തിനാണ് യുവാക്കൾ പിടിച്ചുപറിക്ക് ഇറങ്ങുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊച്ചിയിൽ വന്നിറങ്ങുന്നവരുടെ പോക്കറ്റിലെ പണവും മൊബൈലുമാണ് നോട്ടമിടുന്നത്. തക്കംകിട്ടിയാൽ ആഭരണങ്ങളും കൈക്കലാക്കും. പരിപാടി കഴിഞ്ഞാൽ കൊച്ചിവിടും. കിട്ടുന്ന തുകയ്ക്ക് മയക്കുമരുന്ന് വാങ്ങി രാവിലെ അതും നുണഞ്ഞിരിക്കുന്നതാണ് രീതി. രാത്രിയായാൽ വീണ്ടും കൊച്ചിയിലേക്ക് ഇറങ്ങും. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡ്, അംബേദ്കർ സ്റ്റേഡിയം, നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷൻ, എസ്.ആർ.എം റോഡ്, ചിറ്രൂർ റോഡ് എന്നിവിടങ്ങളാണ് ഇവരുടെ വിഹാരകേന്ദ്രം. കൊച്ചിക്കാരും മറ്റ് ജില്ലക്കാരും സംഘത്തിലുണ്ട്.

 സ്കൂട്ടറിൽ വരും ഭീകരർ

സ്കൂട്ടറാണ് പിടിച്ചുപറിക്കാരുടെ പ്രധാന വാഹനം. മൂന്ന് പേരാണ് സംഘത്തിലുണ്ടാകുക. ചുരുക്കം കേസുകളിൽ മാത്രമേ രണ്ട് പേ‌രുണ്ടായിട്ടുള്ളുവെന്ന് പൊലീസ് പറയുന്നു. രാത്രിയിൽ ജില്ലയിലെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓപ്പറേഷൻ. ഇവർ ആളൊഴിഞ്ഞ ഇടത്തേക്ക് പോകുന്നത് വരെ ഇരുട്ടിൽ പതുങ്ങിയിരിക്കും. പെട്ടെന്ന് സ്കൂട്ടറോടിച്ച് അടുത്തെത്തി പണവും മറ്റും ബലമായി കൈക്കലാക്കി ചീറിപ്പാഞ്ഞുപോകുകയാണ് ചെയ്യുക. വ്യാജ നമ്പർ പ്ലേറ്രുള്ള സ്കൂട്ടറുകളേ ഉപയോഗിക്കൂ. ഇതിനാൽ പിടികൂടാനും ബുദ്ധിമുട്ടാണ്.

 കൊല്ലാനും മടിക്കില്ല

ലൈംഗിക തൊഴിലാളികളെ സമീപിക്കാൻ എത്തുന്നവരാണ് അധികവും പിടിച്ചുപറിക്ക് ഇരയാകുന്നത്. സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും ഒത്താശയോടെ ആളൊഴിഞ്ഞ ഇടത്തേക്ക് എത്തിച്ച് പണവും ആഭരണങ്ങളും പിടിച്ചുറിക്കുന്നതാണ് മറ്റൊരു രീതി. ക്രൂരമായി മർദ്ദിക്കും. എതിർത്താൽ കത്തി പ്രയോഗിക്കാനും മടിക്കില്ല. ഇത്തരം സംഭവങ്ങളിൽ നാണക്കേടോർത്ത് ആരും പൊലീസിൽ പരാതി നൽകാറില്ല. ഇതാണ് പിടിച്ചുപറി സംഘം മുതലെടുക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലോടെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ‌ഡിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന യുവാവിനെ കുത്തിവീഴ്ത്തിയ ശേഷമാണ് മൂന്നംഗ സംഘം പണവും വിലപിടിപ്പുള്ള രേഖകളുമായി കടന്നുകളഞ്ഞത്. നിരവധി വധശ്രമക്കേസുകളിലെ പ്രതികളാണ് അന്ന് പിടിയിലായത്.

 ഇറങ്ങിയാലും തുടരും
എറണാകുളത്ത് നഗരത്തിൽ തട്ടുകട നടത്തുന്ന ശിവന് ( പേര് യഥാർത്ഥമല്ല) ഏറെ നാളുകൾ കൂടിയാണ് ഒരു പരിപാടിക്ക് ഭക്ഷണം നൽകാൻ ഓർഡ‌‌ർ കിട്ടിയത്. ഇത് ഡെലിവറി ചെയ്ത് പുലർച്ചെ മൂന്ന് മണിയോടെ തട്ടുകട പൂട്ടി മടങ്ങാൻ തയ്യാറെടുക്കവെയാണ് മൂന്നംഗ സംഘമെത്തി ആക്രമിച്ച് പണം കൈക്കലാക്കിയത്. നഗരത്തെ വർഷങ്ങളായി അടുത്തറിയാവുന്ന ശിവന് ഒന്ന് ഓടിരക്ഷപ്പെടാൻ പോലും കഴിഞ്ഞില്ല. കൊച്ചിയിലെ അമ്യൂസ്മെന്റ് പാർക്ക് കാണാൻ എത്തിയ കൊല്ലം സ്വദേശികളെ ക്രൂരമായി മർദ്ദിച്ച് ബാഗടക്കം കവർന്നതും അടുത്തിടെയാണ്.