കളമശേരി: ഫാക്ട് ഹൈസ്കൂൾ പ്രതിസന്ധിക്ക് തിരശ്ശീല വീണു. വിദ്യാർത്ഥികളുടെ പഠനം മുടങ്ങില്ല. ജീവനക്കാർ ചേർന്ന് നടത്തുന്ന ഫാക്ട് എംപ്ലോയീസ് എഡുക്കേഷൻ സർവ്വീസ് സൊസൈറ്റിയും ഫാക്ട് മാനേജുമെന്റും തമ്മിലുള്ള പിണക്കം മാറി സ്കൂൾ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് പരസ്പരം ധാരണയായി. ജി.സി.ഡി.എ ചെയർമാനും സ്കൂൾ ഭരണസമിതി രക്ഷാധികാരിയുമായ കെ.ചന്ദ്രൻ പിള്ളയും സി.എം.ഡി കിഷോർ റുംഗ്തയും തമ്മിൽ നടന്ന ചർച്ചയെ തുടർന്ന് 16.6 ലക്ഷം രൂപ കുടിശികയിൽ അഞ്ചു ലക്ഷം രൂപ ഇന്നലെ അടയ്ക്കുകയും ബാക്കി തുക ഒഴിവാക്കി കൊടുക്കുകയും ചെയ്തു. ഡിസംബർ 31നകം ഈവർഷത്തെ വാടക 5 ലക്ഷം രൂപയും 2023 ഡിസംബറിനുള്ളിൽ അടുത്തവർഷത്തെ വാടക 5 ലക്ഷം രൂപ അടയ്ക്കുകയും വേണം. വാടക 6 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി കുറച്ചു നൽകുകയും ചെയ്തു. വെള്ളം ഉപയോഗവും സൗജന്യമാക്കി. കമ്പനി പൊതുനിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള നോട്ടീസ് ബോർഡുകൾ ഇന്നലെ നീക്കം ചെയ്തു. അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.