mubasheer
മുബഷീർ

ആലുവ: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിലൊരാളായ തൃശൂർ മതിലകം കോലോത്തുംപറമ്പിൽ മുബഷീറിനെ (മുബി -29) ആലുവ പൊലീസ് അറസ്റ്റുചെയ്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പ്രതി. ഇയാൾ ഉൾപ്പടെ അഞ്ച് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സംഭവത്തിനുശേഷം കോയമ്പത്തൂർ, സേലം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഒളിവിൽക്കഴിഞ്ഞ മുബിനെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ ഗാന്ധിനഗറിലെ ഒരു ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വധശ്രമം, മയക്കുമരുന്ന് വ്യപാരം എന്നിവയ്ക്ക് കേസുകളുണ്ട്. പ്രധാന പ്രതിയായ മനാഫിന്റെ ഇടപ്പള്ളിയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ക്വട്ടേഷൻ കൊടുത്ത മുജീബ് ഉൾപ്പെടെ ആറുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബുതന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു.

ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ചുവിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം. മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം. ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ചശേഷം ഇയാളെ കളമശേരിയിൽ ഇറക്കിവിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നുകളയുകയായിരുന്നു. വാഹനങ്ങളും ഹാൻസും നേരത്തെ കണ്ടെടുത്തു. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ വി.എൽ. ആനന്ദ്, കെ.പി. ജോണി തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.