ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തപാൽ വകുപ്പ് സ്‌പെഷ്യൽ തപാൽ കവർ പുറത്തിറക്കി. ജെബി മേത്തർ എം.പി പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട് വി. ബാലകൃഷ്ണൻ നായരിൽ നിന്ന് സ്‌പെഷ്യൽ കവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
മുനിസിപ്പൽ ഓഫീസ് മന്ദിരത്തിന്റെ ചിത്രം കവറിന്റെ മുൻഭാഗത്തും ആലുവ നഗരസഭയെ കുറിച്ചുള്ള ലഘുവിവരണം ഇംഗ്ലീഷിലും ഹിന്ദിയിലും കവറിന്റെ പിൻഭാഗത്തും ആലേഖനം ചെയ്തിട്ടുള്ളതാണ് സ്‌പെഷ്യൽ കവർ. കേരള പോസ്റ്റൽ സർക്കിൾ പുറത്തിറക്കിയിട്ടുള്ള കവറിന് 10 രൂപയാണ് വില. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തുറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, ഗെയിൽസ് ദേവസി പയ്യപ്പിള്ളി, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം.എൻ. സത്യദേവൻ എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.