കൊച്ചി: വിരമിക്കുന്ന ജീവനക്കാർക്കുള്ള മെഡിക്കൽ ആനുകൂല്യങ്ങളിൽനിന്ന് 15 വർഷത്തിൽത്താഴെ സർവീസുള്ളവരെ ഒഴിവാക്കി ബി.പി.സി.എൽ മാനേജ്‌മെന്റ് പുറപ്പെടുവിച്ച സർക്കുലറിനെതിരെ തൊഴിലാളി യൂണിയനുകൾ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. 2021 ജൂൺ ഒന്നിന് 15 വർഷം തികഞ്ഞ ജീവനക്കാർക്കു മാത്രമാണ് വിരമിച്ച ജീവനക്കാർക്കുള്ള മെഡിക്കൽ ആനുകൂല്യത്തിന് അർഹതയെന്നായിരുന്നു സർക്കുലർ. ഇതിനെതിരെ കൊച്ചിൻ റിഫൈനറി എംപ്ളോയീസ് അസോസിയേഷൻ, കൊച്ചിൻ റിഫൈനറി വർക്കേഴ്‌സ് അസോസിയേഷൻ, റിഫൈനറി എംപ്ളോയീസ് യൂണിയൻ, ബി.പി.സി.എൽ മസ്‌ദൂർ സംഘ് എന്നിവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്.

3997 ജീവനക്കാർക്കാണ് ഈ സർക്കുലർ നിമിത്തം ആനുകൂല്യം നഷ്ടമായത്. ഡിപ്പാർട്ട്മെന്റ് ഒഫ് പബ്ളിക് എന്റർപ്രൈസസ് നൽകിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2013 മേയ് 30ന് ഒപ്പിട്ട ദീർഘകാല കരാറിൽ ഉൾപ്പെടുത്തിയാണ് വിരമിക്കുന്ന ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയതെന്നും ഇതിൽനിന്ന് ഏകപക്ഷീയമായി ഒരുവിഭാഗം ജീവനക്കാരെ ഒഴിവാക്കാനാവില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്.