അങ്കമാലി : അങ്കമാലി ബൈപ്പാസിന്റെ നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ഭു ഉടമകളുടെ യോഗം ചേർന്നു. ബൈപ്പാസിന്റെ നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്റെ 11(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിലേക്കായി വസ്തുവിന്റെ സീരിയൽ നമ്പറും സർവ്വേ നമ്പർ, ഭൂമിയുടെ തരം, ഭുവുടമയുടെ പേര് വിവരങ്ങൾ, കരം അടച്ച രേഖ, സ്‌കെച്ചുൾപ്പെടെയുള്ള ആധാരത്തിന്റെ കോപ്പി എന്നിവ ഭൂവുടമകളിൽ നിന്നും ശേഖരിച്ചു. 55 ഓളം ആളുകളുടെ രേഖകളാണ് യോഗത്തിൽ ശേഖരിച്ചത്. ബാക്കിയുള്ള ഭൂവുടമകൾ വരും ദിവസങ്ങളിൽ മേൽ പറഞ്ഞ രേഖകളുമായി അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ കിഫ്ബി തഹസിൽദാരുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. റോജി എം. ജോൺ എം.എൽ.എയുടേയും ജില്ലാ കളക്ടർ ജാഫർ മാലികികിന്റേയും നേതൃത്വത്തിൽ ചേർന്ന് യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, കിഫ്ബി പൊന്നുംവില സ്‌പെഷ്യൽ തഹസിൽദാർ ടി.എൻ. ദേവരാജൻ, വാലുവേഷൻ അസിസ്റ്റന്റ് എ.ജി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.