മൂവാറ്റുപുഴ: മീൻ കഴിച്ച് കുട്ടികൾ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നഗരത്തിലെ മത്സ്യവില്പനകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഒരുസ്ഥാപനത്തിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. നഗരത്തിലെ ഒരു മത്സ്യ വില്പനശാലയിൽ നിന്നും വാങ്ങിയ മീൻകഴിച്ച 10, 15 വയസുള്ള രണ്ട് കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ച രാവിലെ വാങ്ങിയ കരിമീൻ കഴിച്ചതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ശക്തമായഛർദ്ദിയും വയറിളക്കവും അനുഭവപെട്ട കുട്ടികളെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് നിർമ്മല മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെതുടർന്ന് ഭക്ഷ്യവിഷബാധ സംബന്ധിച്ച് ആശുപത്രി അധികൃതർ പൊലീസിൽ റിപ്പോർട്ടുചെയ്തിരുന്നു. ഇതേ തുടർന്നാണ് പരിശോധന നടന്നത്.