നെടുമ്പാശേരി: നെടുമ്പാശേരി കേന്ദ്രമായി മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് പാലിയേറ്റീവ് രംഗത്തേക്ക് കടക്കുന്നു. ഇന്ന് രാവിലെ 10ന് ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ ജെബി മേത്തർ എം.പി പദ്ധതി ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, കുന്നുകര പഞ്ചായത്തുകളിലെ എല്ലാ വ്യാപാരികൾക്കും പാലിയേറ്റീവ് പദ്ധതിയിൽ അംഗത്വം നൽകും. അംഗങ്ങളും കുടുംബാംഗങ്ങളും ജീവനക്കാരുമുൾപ്പെടെ 10,000 പേരെ ആദ്യ ഘട്ടത്തിൽ അംഗങ്ങളാക്കും. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് അടിയന്തരസാഹചര്യത്തിൽ ആംബുലൻസ്, മൊബൈൽ ഫ്രീസർ, വീൽചെയർ, വാക്കർ, ബെഡ്, വാക്കിംഗ് സ്റ്റിക്ക്, ഓക്‌സിജൻ റെഗുലേറ്റർ മാസ്‌ക് തുടങ്ങിയവയെല്ലാം സൗജന്യ സേവനമായി ലഭ്യമാക്കും. വോളണ്ടിയർമാരായി സേവനം ചെയ്യാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകും. ആഗസ്റ്റ് ഒമ്പതിന് ദേശീയ വ്യാപാരിദിനം മുതൽ ഡയാലിസിസ് സൗകര്യങ്ങൾക്ക് സൗജന്യ വാഹന സേവനം ലഭ്യമാക്കും. ഇതിനായി മർച്ചന്റ്‌സ് കെയർ ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന രൂപീകരിക്കുമെന്ന് ചെയർമാൻ സി.പി. തരിയൻ, ജനറൽ സെക്രട്ടറി കെ.ബി. സജി, ട്രഷറർ ബിന്നി തരിയൻ എന്നിവർ അറിയിച്ചു.