കൂത്താട്ടുകുളം: കിഴകൊമ്പ് ശ്രീകാർത്തികേയ ഭജന സമാജം ക്ഷേത്രത്തിൽ(മങ്ങാട്ട് അമ്പലം) ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. തിടപ്പിള്ളിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറി സുബ്രഹ്മണ്യന്റെയും മഹാദേവന്റെയും ശാസ്താവിന്റെയും ക്ഷേത്രശ്രീകോവിലുകൾ തുറന്നായിരുന്ന നിലയിലായിരുന്നു.
സുബ്രഹ്മണ്യ ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയി. കൂടാതെ ദേവന്മാരുടെ സർപ്പാലയത്തിന്റെ മുന്നിലെ ഭണ്ഡാരത്തിന്റെയും പൂട്ട് പോളിച്ച് കാണിക്ക വഞ്ചിയിലെ തുക മോഷ്ടിച്ചു. ഓഫീസ് കുത്തിതുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഭണ്ഡാരത്തിന്റെ പൂട്ടുകൾ തകർത്ത നിലയിലാണ്.
ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടർന്ന് ഡി.വൈ.എസ്.പി. അജയ് നാഥ്.ജി, കൂത്താട്ടുകുളം സർക്കിൾ ഇൻസ്പെക്ടർ മോഹൻ ദാസ് ,എസ്.ഐ. ശാന്തി കെ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി. എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി സി.പി.സത്യൻ, യൂണിയൻ കൗൺസിലർമാരായ എം.പി.ദിവാകരൻ, ഡി.സാജു, കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ,സി.പി.എം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു.