പറവൂർ: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിലെ ഊട്ടുതിരുനാളിൽ ആയിരങ്ങൾ പങ്കെടുത്തു. രാവിലെ മുതൽ തിരുനാളിൽ പങ്കുചേരാൻ വിശ്വാസികൾ പള്ളിയിൽ എത്തിത്തുടങ്ങി. വി. അന്തോണീസിന്റെ മൂന്ന് തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന തീർത്ഥാടന കേന്ദ്രമാണിത്. കണ്ണൂർ പള്ളിയിലെത്തിയ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതലക്ക് സ്വീകരണം നൽകി. തുടർന്ന് അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ കുർബാനയും ഫാ. ബൈജു ഇലഞ്ഞിക്കൽ വചനസന്ദേശം നടന്നു.
ഒരു ലക്ഷത്തോളം പേർക്കുള്ള ഊട്ടുസദ്യ പാവറട്ടി വിജയന്റെ നേതൃത്വത്തിലുള്ള പാചക വിദഗ്ദ്ധരും ഇടവകാംഗങ്ങളും തീർത്ഥാടകരും ചേർന്നാണ് ഒരുക്കിയത്. കോഴിക്കോട് കക്കയത്ത് നിന്നുവന്ന മേരി മാത്യുവിനും കുടുംബത്തിനും ആദ്യനേർച്ച മെത്രാൻ ഡോ. അലക്സ് വടക്കുംതല വിളമ്പികൊടുത്തു. നേർച്ചസദ്യ രാത്രി വരെ നീണ്ടുനിന്നു. തിരുസ്വരൂപം വഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പങ്കെടുത്തു. എട്ടാമിടമായ 17ന് രാവിലെ 630 മുതൽ വൈകിട്ട് 6.30 വരെ ദിവ്യബലി നൊവേന, ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് റെക്ടർ ഫാ. ബിനു മുക്കത്ത്, ഫാ. വിപിൻ മുതലാംപറമ്പിൽ, ജോഷി പടമാട്ടുമ്മൽ, പാഷി പുളിക്കൽ, ജോൺസൺ കുറുപ്പശ്ശേരി, സ്റ്റാനി പടമാട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി.