പള്ളുരുത്തി: വിദ്യാലയ മുറ്റത്ത് മൊട്ടിട്ട സൗഹൃദം ഇന്നും ഒരു നിധി പോലെ കാത്തു സൂക്ഷിക്കുകയാണ് നാല് അദ്ധ്യാപികമാർ. 1971 ജൂൺ മാസത്തിലാണ് പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ ആദ്യമായി കണ്ടുമുട്ടുന്ന 4 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നത്. പിന്നീട് വളർന്ന സ്നേഹം മന പൊരുത്തങ്ങളുടെ സൗഹൃദമായി മാറി . പത്താം ക്ലാസ് വരെ ഒരുമിച്ചെത്തിയ നാൽവർ സംഘം ഒരു കാര്യം ഉറപ്പിച്ചു. നാലുപേർക്കും അദ്ധ്യാപകരാകണം. എം.എ ബി.എഡ് കഴിഞ്ഞ് നാല് പേരും അദ്ധ്യാപകരായി എത്തിയത് പഠിച്ചിറങ്ങിയ അതേ വിദ്യാലയത്തിൽ. കഴിഞ്ഞ മാർച്ച് 31 ന് വിരമിച്ചതും ഒരുമിച്ച്. എസ്.ഡി.പി.വൈ സ്കൂളിലെ ഹിസ്റ്ററി അദ്ധ്യാപികയായ സീന , ഹിന്ദി ടീച്ചർ ഷീബ ,സംസ്കൃതം അദ്ധ്യാപിക ലീന ,ടി.ടി.സി അദ്ധ്യാപിക മിനി എന്നിവരാണ് ഈ സുഹൃത്തുക്കൾ.

ഇവരിൽ സീന മോൾ ഇടക്കാലത്ത് മറ്റൊരു വിദ്യാലയത്തിലേക്ക് മാറി അവിടെ നിന്ന് വിരമിച്ച തൊഴിച്ചാൽ ബാക്കി 3 പേരും മാതൃ വിദ്യാലയത്തിൽ നിന്ന് തന്നെയാണ് വിരമിച്ചത്. വിരമിച്ച നാലുപേരും ഒരിക്കൽ കൂടി പഠിച്ചിറങ്ങി അദ്ധ്യാപകരായ സ്കൂൾ മുറ്റത്തെത്തി. ഓർമ്മകൾ പങ്കുവച്ചാണ് നാലുപേരും മടങ്ങിയത്.